സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയിൽ മാത്രം മതി:പോലീസ് ആസ്ഥാനത്ത് വേണ്ട: ബെഹ്റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്ത്: പ്രതികരണവുമായി അഡ്വക്കേറ്റ് എ ജയശങ്കർ
അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ പോലീസ് മേധാവി തലപ്പത്തേക്ക് അനിൽ കാന്ത് എത്തുന്നു എന്ന വിവരം ഔദ്യോഗികമായി മന്ത്രിസഭ അറിയിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ബി സന്ധ്യയുടെ പേര് വരെ പരിഗണിച്ചിരുന്നു. അങ്ങനെയെങ്കിൽ അതൊരു ചരിത്രമാകുമായിരുന്നു. എന്നാൽ പോലീസ് തലപ്പത്തേക്ക് ഒരു പുരുഷനെ തന്നെ കൊണ്ടുവന്നിരിക്കുകയാണ്. സർക്കാരിനെതിരെ അത്തരത്തിലൊരു ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. ശബരിമലയെ കുറിച്ചും പുതിയ പോലീസ് മേധാവിയെ കുറിച്ചുമെല്ലാം അദ്ദേഹം ബന്ധിപ്പിച്ച് സംസാരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
ബി സന്ധ്യയല്ല, അനിൽ കാന്താണ് പുതിയ പോലീസ് മേധാവി. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയിൽ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട. ബെഹ്റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്ത്. കേരളത്തിലെ ക്രമവും സമാധാനവും അദ്ദേഹത്തിന്റെ ബലിഷ്ഠ ഹസ്തങ്ങളിൽ സുരക്ഷിതമാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അതേസമയം സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ ഇന്നാണ് നിയമിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു അതിനിർണായകമായ തീരുമാനം എടുത്തത്. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത്. എഡിജിപിയായ അനില്‍കാന്തിന് അടുത്ത മാസമേ ഡിജിപി റാങ്ക് കിട്ടുകയുള്ളൂ . ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് പട്ടികവിഭാഗത്തില്‍നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യയാളാണ്. ബി.സന്ധ്യ, സുദേഷ് കുമാര്‍ എന്നിവരാണ് പരിഗണിക്കപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍.
സീനിയോറിറ്റിയില്‍ ഒന്നാമനായ അരുണ്‍ കുമാര്‍ സിന്‍ഹ സംസ്ഥാനത്തേക്കു വരാന്‍ താല്‍പര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. നിലവില്‍ സ്‌പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് മേധാവിയാണ് അദ്ദേഹം. സീനിയോറിറ്റിയില്‍ രണ്ടാമനായ ടോമിന്‍ ജെ.തച്ചങ്കരിയെ ഒഴിവാക്കിയാണ് യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിനു 3 പേരുടെ പട്ടിക നല്‍കിയത്. തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവിയാകുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള അടുപ്പവും പോലീസ് തലപ്പത്തേക്ക് വരാനുള്ള സാധ്യതകൾ വര്‍ധിപ്പിച്ചു. യുപിഎസ്‌സി യോഗത്തില്‍ ലോക്‌നാഥ് ബെഹ്‌റ തച്ചങ്കരിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. തച്ചങ്കരിക്കെതിരെയുള്ള കേസുകളും തിരിച്ചടിയായി. മകള്‍ ഡ്രൈവറെ തല്ലിയ കേസ് അടക്കം സുദേഷ് കുമാറിന് ആ സ്ഥാനത്തേക്ക് വരാനുള അവസരം നഷ്ടപ്പെടുത്തി. മുന്‍പ് ചില കേസുകളില്‍ നടത്തിയ ഇടപെടലുകളാണ് ബി. സന്ധ്യയ്ക്കു പോലീസ് തലപ്പത്തേക്ക് വരാനുള്ള അവസരം നഷ്ടമാക്കിയത്. അനില്‍ കാന്തിന് ഇനി 7 മാസമാണ് സേവന കാലാവധിയുള്ളത്. ഇതിനുശേഷം ടോമിന്‍ ജെ.തച്ചങ്കരിയെ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത്.
കേരള കേഡറില്‍ എഎസ്പി ആയി വയനാട്ടിൽ സര്‍വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. സ്‌പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്‌പെഷല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി ആയും പ്രവർത്തിച്ചു. ഇടക്കാലത്ത് അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയിരുന്നു. ജയില്‍ മേധാവി, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മിഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























