'അത് കള്ളക്കളിയല്ല, തീക്കളിയായിരുന്നു'; തെറ്റുകളെ എതിര്‍ക്കുന്നവരുടെ രാഷ്ടീയ പശ്ചാത്തലം മാത്രം നോക്കി ആക്രമിക്കരുത്; കൊവിഡ് മരണ നിരക്കിലെ കൃത്രിമം ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ സെെബര്‍ ആക്രമണത്തിനിന് വിധേയനായെന്ന് ഡോ. എസ്.എസ്. ലാലിന്റെ വെളിപ്പെടുത്തൽ

കൊവിഡ് മരണ നിരക്കിലെ കൃത്രിമം ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ താന്‍ സെെബര്‍ ആക്രമണത്തിനിന് വിധേയനായെന്ന് ഡോ. എസ്.എസ്. ലാല്‍. മരണ നിരക്ക് കുറച്ചു കാണിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ചില പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് കൃത്യമായ നിര്‍ദ്ദേശം പോയിരുന്നു. സത്യം അറിയാമെങ്കിലും പുറത്തു പറയാന്‍ പറ്റാത്ത ഒരുപാട് വിദഗ്ദ്ധരുണ്ടായിരുന്നു. അവരില്‍ എന്തെങ്കിലും പറഞ്ഞവരെ മന്ത്രിയോഫീസില്‍ നിന്ന് നേരിട്ട് ഫോണില്‍ വിളിച്ചു. സര്‍ക്കാരിനെതിരെ സംസാരിക്കരുതെന്ന് പറഞ്ഞു. നേതാക്കളില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അവര്‍ക്ക് പലര്‍ക്കും സ്ഥലംമാറ്റ ഭീഷണി ഉണ്ടായതായും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എസ്.എസ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അത് കള്ളക്കളിയല്ല, തീക്കളിയായിരുന്നു.
ഏതാണ്ട് ഒരു കൊല്ലം മുമ്ബ് കൊവിഡ് മരണ നിരക്കിലെ കൃത്രിമം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നെപ്പോലെ പലരും. ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇത് വലിയ തര്‍ക്കമായി. ഇടത് ചാനല്‍ ആയിരുന്നു വേദി. ആരോഗ്യമന്ത്രിയായിരുന്നു സര്‍ക്കാരിന് വേണ്ടി സംസാരിച്ചത്. കൊവിഡിന്റെ യഥാര്‍ത്ഥ മരണ നിരക്ക് സര്‍ക്കാര്‍ പറയുന്നതല്ലെന്നും ഇക്കാര്യത്തില്‍ കള്ളക്കളിയുണ്ടെന്നും ഞാന്‍ പറഞ്ഞു. അന്നേ ദിവസം വരെ എന്നോട് സൗഹൃദമായി പെരുമാറിയിരുന്ന ആരോഗ്യ മന്ത്രി പെട്ടെന്ന് ഒരു ശത്രുവിനെപ്പോലെ സംസാരിച്ചു. അവതാരകന്‍ മന്ത്രിക്ക് കൂട്ടായി.
സര്‍ക്കാര്‍ പറയുന്നിലും എത്രയോ കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായി അവര്‍ ആക്ഷേപിച്ചു. ഞങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കം നടന്നു. ഞാന്‍ ശക്തിയായി എന്റെ ഭാഗവും വാദിച്ചു. എങ്കിലും സംസ്ഥാനത്തിന്റെ ഒരു മന്ത്രിയോടും ഒരു സ്ത്രീയോടും കാണിക്കേണ്ട അധിക മര്യാദ ഞാന്‍ കാണിച്ചു. യൂട്യൂബില്‍ ഇതെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട്. ഞാന്‍ മന്ത്രിയെ തിരികെ കടന്നാക്രമിക്കാത്തത് കാരണം മന്ത്രി പറയഞ്ഞതാണ് ശരിയെന്ന് ടെലിവിഷന്‍ കണ്ട കുറേപ്പേരെങ്കിലും തെറ്റിദ്ധരിച്ചു. സൈബര്‍ പോരാളികള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ എന്നെ ഒരുപാട് ആക്രമിച്ചു.
വീണ്ടും പറയുന്നു. ഞാന്‍ മാത്രമായിരുന്നില്ല. പൊതുജനാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു പലരും മരണ നിരക്കിന്റെ കാര്യത്തിലെ കള്ളത്തരം ചൂണ്ടിക്കാട്ടി. അവരെയും സര്‍ക്കാര്‍ പക്ഷക്കാര്‍ ആമിച്ചു. സത്യം അറിയാമെങ്കിലും പുറത്തു പറയാന്‍ പറ്റാത്ത ഒരുപാട് വിദഗ്ദ്ധരുണ്ടായിരുന്നു. അവരില്‍ എന്തെങ്കിലും പറഞ്ഞവരെ മന്ത്രിയോഫീസില്‍ നിന്ന് നേരിട്ട് ഫോണില്‍ വിളിച്ചു. സര്‍ക്കാരിനെതിരെ സംസാരിക്കരുതെന്ന് പറഞ്ഞു. നേതാക്കളില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അവര്‍ക്ക് പലര്‍ക്കും സ്ഥലംമാറ്റ ഭീഷണിയുണ്ടായി. എല്ലാം തെളിവും സാക്ഷികളുമുള്ള കാര്യങ്ങള്‍ മാത്രം.
ഐ.എം.എ നന്നായി ചെറുത്തു നിന്നു. അതിനുള്ള തെറി ഐ.എം.എയ്ക്ക് കിട്ടി. ഐ.എം.എ ഒരു ശാസ്ത്ര സംഘടനയല്ലെന്ന് ഏതോ സി.പി.എം പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ ആയിടയ്ക്ക് ടെലിവിഷനുകളില്‍ പറഞ്ഞു. മുഖ്യമന്ത്രിയെക്കൊണ്ടും പറയിച്ചു. ഡോക്ടര്‍മാര്‍ മാത്രമുള്ളതിനാല്‍ ഐ.എം.എ ശാസ്ത്ര സംഘടനയാവില്ല. എന്നാല്‍ ഐ.എം.എ യ്ക്ക് ശാസ്ത്ര കമ്മിറ്റികള്‍ ഉണ്ട്. വിദഗ്ദ്ധരായ അംഗങ്ങളുണ്ട്. ഒടുവില്‍ നിവൃത്തിയില്ലാതെ ഐ.എം.എ യുടെ ഉപദേശങ്ങള്‍ മുഖ്യമന്ത്രി ചെവിക്കൊണ്ടു. പല കാര്യങ്ങളിലും. അങ്ങനെ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായി.
മരണ നിരക്ക് കുറച്ചു കാണിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ചില പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് കൃത്യമായ നിര്‍ദ്ദേശം പോയിരുന്നു. മരിക്കുന്ന വ്യക്തിക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കില്‍ മരണ കാരണമായി ആ രോഗം കാണിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ലോകാരോഗ്യ സംഘടനയുടേയും ഇന്ത്യയുടെ ഐ.സി.എം.ആര്‍ - ന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ കണ്ണടച്ച് പാല് കുടിച്ചു. കള്ളക്കണക്കുകള്‍ കാണിച്ച് അവാര്‍ഡുകള്‍ക്ക് അപേക്ഷിച്ചു. ഈ കള്ളക്കണക്കൊന്നും ഇല്ലെങ്കിലും കേരളത്തിലെ മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. പല രംഗത്തും കേരളം അവാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ള ഒന്നാം സ്ഥാനത്താണ്. എല്ലാ രോഗങ്ങളുടെ കാര്യത്തിലും കേരളം അങ്ങനെയാണ്. അത് ഏതെങ്കിലു ഒരു സര്‍ക്കാരിന്റെ നേട്ടമല്ല. കേരളത്തില്‍ ഉണ്ടായ എല്ലാ സര്‍ക്കാരുകളുടെയും സംഭാവന അക്കാര്യത്തിലുണ്ട്. ജനാധിപത്യ സര്‍ക്കാരുകള്‍ വരുന്നതിന് മുമ്ബ് നാടു ഭരിച്ചിരുന്നവരും സംഭാവന നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കും അവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ നേട്ടങ്ങളില്‍ പങ്കുണ്ട്.
കൊവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതി രണ്ടാഴ്ച മുമ്ബ് മാറിയിട്ടുണ്ട്. പ്രതിപക്ഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി വൈകിയാണെങ്കിലും തയ്യാറായി. നല്ല കാര്യം. ഇന്ന് വീണ്ടും നല്ലൊരു വാര്‍ത്ത കേട്ടു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ചെവിക്കൊണ്ട് തെറ്റുകളുണ്ടെങ്കില്‍ തിരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതായ വാര്‍ത്ത. വളരെ സ്വാഗതാര്‍ഹമായ കാര്യം. പ്രതിപക്ഷവും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കു വേണ്ടിയുളള സംവിധാനമാണ്.
മരണ നിരക്കില്‍ മായം ചേര്‍ക്കരുതെന്ന് പറഞ്ഞതിന് മുഖ്യമായി മൂന്ന് കാരണങ്ങളായിരുന്നു. ഒന്ന് ശരിയായ കണക്കുണ്ടെങ്കിലേ ഗവേഷണങ്ങള്‍ നടത്തി ചികിത്സയിലുള്‍പ്പെടെ നമുക്കാവശ്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയൂ. കേരളം കള്ളക്കണക്കെഴുതുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കുകയായിരുന്നു രണ്ടാമത്തെ കാരണം. മരിച്ചവരുടെ കുടുംബത്തിന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുത് എന്നതായിരുന്നു മൂന്നാമത്തെ കാര്യം.
കൊവിഡ് വന്ന് എറണാകുളത്ത് മരിച്ച മെഡിക്കല്‍ കോളേജ് പ്രൊഫസറുടെ മരണം കൊവിഡിതര മരണമാക്കി മാറ്റാന്‍ ശ്രമമുണ്ടായി. രോഗം വന്ന് പതിനൊന്നാം ദിവസം ടെസ്റ്റ് നെഗറ്റീവായി എന്ന കാരണം പറഞ്ഞ്. കൊവിഡ് വന്ന് ആശുപത്രിയിലായി നാല്പതാം ദിവസം നടന്ന മരണത്തില്‍ മായം ചേര്‍ക്കാന്‍ നടത്തിയ ശ്രമം ഡോക്ടര്‍മാരുടെ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ മാറ്റി. മരണകാരണം തീരുമാനിക്കുന്ന കാര്യത്തില്‍ ടെസ്റ്റിന്റെ നെഗറ്റീഫ് ഫലം ഒരു നാട്ടിലും ഉപയോഗിക്കുന്നില്ല എന്നത് മറ്റൊരു കാര്യം.
തെറ്റുകളെ എതിര്‍ക്കുന്നവരുടെ രാഷ്ടീയ പശ്ചാത്തലം മാത്രം നോക്കി ആക്രമിക്കരുത്. ആര് പറയുന്നു എന്നതിനേക്കാള്‍ പ്രധാനം എന്ത് പറയുന്നു എന്നതിനാണ്. സൈബര്‍ പോരാളികളോടും ബഹുമാനത്തോടെ അതു തന്നെ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചയില്‍ ആരോഗ്യ മന്തിയോട് പറഞ്ഞ ഒരു കാര്യം കൂടി ആവര്‍ത്തിക്കുന്നു. ആരോഗ്യമന്ത്രിമാര്‍ വരും, പോകും. അവര്‍ മറ്റൊരു വകുപ്പില്‍ മന്തിയായെന്ന് വരും. മുഖ്യമന്ത്രി ആയെന്നു വരും. കുറേക്കാലം ഒന്നും ആയില്ലെന്നും വരും. ഞാന്‍ ഡോക്ടറായിട്ട് വര്‍ഷം മുപ്പത് കഴിഞ്ഞു. ശരീരത്തിനും മന്സിനും ആരോഗ്യമുള്ള കാലം ഞാന്‍ ഡോക്ടറായി തുടരും. പേടിക്കാതെ ആരോഗ്യ വിഷയങ്ങള്‍ പറയും. ചികിത്സാ രംഗത്ത് വന്നത് സ്വയം തീരുമാനിച്ചാണ്.
ഇന്ന് ഡോക്ടര്‍മാരുടെ ദിനം കൂടിയാണ്. എല്ലാ നല്ല ഡോക്ടര്‍മാര്‍ക്കും ഡോക്ടര്‍ ദിന ആശംസകള്‍
ഡോ: എസ്.എസ്. ലാല്‍
https://www.facebook.com/Malayalivartha


























