വീടിന്റെ ജനാല പൊളിച്ചു മോഷണം, 30 പവനും 25000 രൂപയും നഷ്ടമായി; വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

പെരുനാട് മാമ്പാറയിൽ ബുധനാഴ്ച രാത്രി പത്തരയോടെ വീടിന്റെ ജനാല പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. കക്കാട് മാമ്പാറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുപ്പതു പവന്റെ സ്വര്‍ണ്ണവും ഇരുപത്തി അയ്യായിരം രൂപയും കളവുപോയി. വീടിന്റെ പുറകു വശത്തുള്ള ജനല്‍ കുത്തിയിളക്കി മോഷ്ടാക്കള്‍ അകത്തു കടക്കുകയായിരുന്നു. വീട്ടുകാര്‍ ആശുപത്രിയില്‍ പോയതക്കം നോക്കിയാണ് കവര്‍ച്ച നടത്തിയത്.
രാത്രി പത്തരയോടെ ഡ്രില്ലിംഗ് മെഷിന്റെ ശബ്ദം കേട്ട് അയല്‍വാസിയായ സഹോദര പുത്രന്‍ ബിജു പരമേശ്വരന്‍ പിള്ളയുടെ ഭാര്യയെ ഫോണില്‍ വിളിച്ചു. ഇവര്‍ ആശുപത്രിയില്‍ നിന്ന് എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ സംശയം തോന്നിയ ബിജു സുഹൃത്തുക്കളെ വിളിച്ചു വരുത്തി പരിശോധന നടത്തുകയായിരുന്നു.
ഈ സമയം കളവു നടത്തി മോഷ്ടാക്കള്‍ കടന്നിരുന്നു. ഉടന്‍ പെരുനാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് എത്തി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
വീടിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിയാതെ പുറകു വശത്തെ റബര്‍ത്തോട്ടത്തിലൂടെയാണ് മോഷ്ടാക്കള്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന. 40 വര്‍ഷത്തോളം പഴക്കമുള്ള വീടായതിനാല്‍ ജനാലകള്‍ക്ക് ക്ലാമ്ബുകളും മറ്റും ഉണ്ടായിരുന്നില്ല. റാന്നി ഡിവൈ.എസ്.പി മാത്യു ജോര്‍ജ്,
പെരുനാട് സി.ഐ യു. രാജീവ് കുമാര്‍, എസ്.ഐ ശ്രീജിത്ത് ജനാര്‍ദ്ദനന്‍ എന്നിവിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായ വീടിനു പുറകുവശത്തെ റബ്ബര്‍ തോട്ടങ്ങളിലേക്കാണ് ഓടിയത്.
https://www.facebook.com/Malayalivartha
























