തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു; മരണ കാരണം വ്യക്തമല്ല!!പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

തകരാറിലായ തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. മരണ കാരണം വ്യക്തമല്ല. ഷോക്കേറ്റതാവാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ളാക്കാട്ടൂർ മീൻതത്തിയ്ക്കൽ രാജുവിൻ്റെയും ശാന്തമ്മയുടെയും മകൻ ഷിൻ്റോ എം രാജുവാണ് (28) മരിച്ചത്. പാമ്പാടി ടൗണിൽ കാളച്ചന്തയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10.3നാണ് സംഭവം.
പഞ്ചായത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന കരാറുകാരൻ്റെ തൊഴിലാളിയായിരുന്നു ഷിൻ്റോ. ഇരുമ്പു പോസ്റ്റിൽ നിന്നും താഴെ വീഴാതെ സുരക്ഷാ ക്രമീകരണങ്ങളോടെ പോസ്റ്റിൽ കയറിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റതാവാമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റിനു മുകളിൽ കുടുങ്ങിക്കിടന്ന ഷിൻ്റോയെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കുകയായിരുന്നു.
ഉടൻ തന്നെ പാമ്പാടി താലൂക്കാശുപത്രിയിലേയ്ക്ക് ഷിൻ്റോയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ക്കാരം പിന്നീട്. ഹൈദ്രാബാദിൽ നേഴ്സായ ഷീജ എം രാജു, ഷിജിൻ എം രാജു എന്നിവരാണ് സഹോദരങ്ങൾ.
https://www.facebook.com/Malayalivartha

























