ഐ എസ് ആര്‍ ഒയുടെ കൂറ്റന്‍ ചരക്കുവാഹനം തടഞ്ഞു; ഉപകരണങ്ങള്‍ ഇറക്കാന്‍ 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായി അധികൃതർ; പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം

തുമ്പ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ എസ് ആര്‍ ഒയുടെ കൂറ്റന്‍ ചരക്കുവാഹനം തടഞ്ഞതായി വി എസ് എസ് സി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി. ഉപകരണങ്ങള്‍ ഇറക്കാന്‍ 10 ലക്ഷം രൂപ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടതായി വി എസ് എസ് സി പറഞ്ഞു.
വാഹനത്തില്‍ ആകെയുള്ളത് 184 ടണിന്റെ ലോഡാണ്. ഒരു ടണിന് 2000 രൂപ വീതമാണ് നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി എസ് എസ് സി അധികൃതര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് വാഹനം മാറ്റിയത്.
വാഹനത്തിന് ഏഴര മീറ്റര്‍ ഉയരവും 96 ചക്രങ്ങുമുണ്ട്. ഐ എസ് ആര്‍ ഒ വിന്‍ഡ് ടണെല്‍ പദ്ധതിക്കാവശ്യമായ കൂറ്റന്‍ ഉപകരണങ്ങള്‍ കയറ്റിയ വാഹനം മുംബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്ബയിലേക്കുമാണ് വരുന്നത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്.
കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈകോടതി ശക്തമായ നിലപാടെടുത്തിരുന്നു. നോക്കുകൂലി ശക്തമായി പ്രതിരോധിക്കുമെന്നും സംസ്ഥാന സര്‍കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി എസ് എസ് സിയിലേക്ക് വന്ന വാഹനം നോക്കുകൂലിയുടെ പേരില്‍ തടഞ്ഞ സംഭവവും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























