നിപ്പ വേരുറപ്പിച്ചോ? 11 പേർക്ക് ലക്ഷണം! മരുന്നില്ലാതെ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനം... അതീവ ജാഗ്രത.... കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ജാഗ്രത...

നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ 8 പേരുടെ സാമ്പിളുകൾ എൻ.ഐ.വി. പൂനെയിലേക്ക് അയച്ചിട്ടുണ്ട്. 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ 54 പേരാണ്. ഇതിൽ 30 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗം ബാധിച്ച് മരിച്ച് കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നാളെ മുതൽ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും.നിലവിൽ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. മെഡിക്കൽ കോളേജിലെ പരിശോധന ലാബ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മരിച്ചുപോയ കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദർശിച്ചു. അവിടെ അടുത്ത് റംബുട്ടാൻ മരങ്ങളുണ്ട്, വവ്വാലിന്റെ സാന്നിദ്ധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാൻ പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗ ഉറവിടം കണ്ടെത്താൻ പുതിയൊരു സംഘം കൂടി കേരളത്തിലേക്ക് വരുന്നുണ്ട്. ഭോപ്പാലിൽ നിന്നുള്ള എൻ.ഐ.വി സംഘം ബുധനാഴ്ചയാണ് എത്തുന്നത്.
മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപ കൺട്രോൾ സെൽ ആരംഭിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം നൽകി. രോഗി വരുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യേണ്ടതാണ്.
8 പേരുടെ സാമ്പിളുകളാണ് എൻ.ഐ.വി. പൂണൈയിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരും. മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകൾ എൻ.ഐ.വി. പൂനെയിലേക്ക് അയക്കും. കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം, നിപ്പ രോഗബാധിതരുടെ ചികിത്സയ്ക്കുള്ള മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിപ്പ ബാധിച്ച് കോഴിക്കോട് ചാത്തംഗലത്ത് 12കാരൻ മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
ഇതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നിപ്പയ്ക്ക് സംസ്ഥാനത്ത് മരുന്ന് സ്റ്റോക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 201ൽ നിപ്പ പടർന്ന സാഹചര്യത്തിൽ വാങ്ങിയ മരുന്ന് 2020ൽ എക്സ്‌പയറായി. ഇനി മരുന്ന് ആസ്ട്രേലിയയിൽ നിന്ന് എത്തിക്കണമെന്നും വീണാ ജോർജ് പറഞ്ഞു. 2020 ൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ മോക്ക് ഡ്രില്ലിലും മരുന്നിന്റെ സ്റ്റോക്ക് തീർന്ന കാര്യം കണ്ടെത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha

























