പുരാവസ്തു തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കലുമായി ആത്മബന്ധമുണ്ടായിരുന്ന മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് നാടുകടത്തിയതെന്നു സൂചന

പുരാവസ്തു തട്ടിപ്പുവീരന്‍ മോന്‍സന്‍ മാവുങ്കലുമായി ആത്മബന്ധമുണ്ടായിരുന്ന മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് നാടുകടത്തിയതെന്നു സൂചന.
കേസന്വേഷണം മുന്നോട്ടുപോയി സര്‍ക്കാര്‍ കൂടുതല്‍ നാണക്കേടിലാകുന്നതിനു മുന്‍പ് മുന്‍ സംസ്ഥാന പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായി ലോക്നാഥ് ബെഹ്റയെ അവധിയില്‍ എന്ന പേരില്‍ ഒറീസയിലേക്ക് മടക്കുകയായിരുന്നു. കൊച്ചി മെട്രോ എംഡി പദവിയില്‍ ഇനി ലോക്നാഥ് ബെഹ്റ മടങ്ങി വരില്ലെന്നും വ്യക്തമായിക്കഴിഞ്ഞു.
ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി സ്വദേശമായ ഒറീസയിലേക്കു പോയി എന്നാണ് വിശദീകരണമെങ്കിലും ബെഹ്റയെ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നാടുവിടാന്‍ ആവശ്യപ്പെട്ടത്. മോന്‍സന്റെ പുരാവസ്തുശേഖരത്തില്‍ ആനക്കൊമ്പും രത്നകീരീടങ്ങളുമൊക്കെ കണ്ട ബെഹ്റ എന്തുകൊണ്ട് ഇക്കാര്യം അധികാരികളെ അറിയിച്ചില്ലെന്ന ചോദ്യമാണ് പുറത്തുവരുന്നത്. മാത്രമല്ല മോന്‍സണ്‍ മാവുങ്കന്റെ തട്ടിപ്പുസാധനങ്ങള്‍ക്കും തട്ടിപ്പ് ഇടപാടുകള്‍ക്കും പോലീസ് മേധാവിയായിരിക്കെ ബഹ്റയാണ് എല്ലാവിധ സംരക്ഷണവും ഒരുക്കിയിരുന്നത്.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നത് വ്യക്തമായതോടെ അവധിയില്‍ പോയ ബെഹ്റെയെക്കുറിച്ച് രണ്ടാഴ്ചയായി വിവരമൊന്നുമില്ല. മോന്‍സന്റെ കേസ് അന്വേഷണം തീരുന്നതുവരെ കേരളത്തിലേക്ക് പോരേണ്ടെതില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമെന്നിരിക്കെ കൊച്ചി മെട്രോയ്ക്ക് പുതിയ എംഡിയെ നിശ്ചയിക്കാന്‍ സര്‍ക്കര്‍ ആലോചന തുടങ്ങിയിരിക്കുന്നു. ഇനി മെട്രോ എംഡി സ്ഥാനാത്ത് തുടര്‍ന്നും ബഹ്റയെ ഇരുത്തുന്നത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നതിനാലാണ് ബഹ്റയെ ഒഴിവാക്കാനുള്ള ആലോചന.
കലൂരിലെ കൊച്ചി മെട്രോ ആസ്ഥാനത്ത് ബെഹ്റയുടേതായി ഒരു സാധനങ്ങളും ഇപ്പോള്‍ അവശേഷിക്കുന്നില്ല. കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റതിനുശേഷവും മോന്‍സണും ബഹ്റയും തമ്മില്‍ കൂട്ടിക്കണ്ടിരുന്നുവെന്നാണ് സൂചന. ഡിജിപിയായിരുന്ന കാലത്ത് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയത്തിലെത്തിയതിന്റെ ചിത്രങ്ങളടക്കം പുറത്തു വന്നിരുന്നു. ഡിജിപി ലോക്നാഥ് ബഹ്റയുമായി
അടുത്ത ബന്ധമുണ്ടെന്നായിരുന്നു മോന്‍സണ്‍ ഇടപാടുകാരോടു പറഞ്ഞിരുന്നത്.
മോന്‍സണ്‍ മാവുങ്കല്‍ തന്റെ സുഹൃത്തല്ലെന്നാണ് ലോക്നാഥ് ബെഹ്റുടെ പിന്നീടുണ്ടായ വിശദീകരണം. എന്നാല്‍ മോന്‍സണെ ആരാണ് തനിക്ക് പരിചയപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബെഹ്റ തയ്യാറാകുന്നില്ല. കലൂരിലെയും ചേര്‍ത്തലയിലെയും മോന്‍സന്റെ വീടുകള്‍ക്ക് മുന്നില്‍ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത് ആരു പറഞ്ഞിട്ടാണെന്നും ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയിട്ടില്ല. ലോക്നാഥ് ബെഹ്റയ്ക്കു പുറമെ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും മോന്‍സണ്‍ മാവുങ്കലിനു ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കാന്‍ ഇടപെട്ടത് ബഹ്റയുടെ തണലില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം. ടിപ്പുവിന്റെ സിംഹാസനം എന്നു മോന്‍സണ്‍ അവകാശപ്പെട്ട കസേരയില്‍ ബെഹ്റ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഡിജിപിയുമായി മോന്‍സണ്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകള്‍ക്ക് സുരക്ഷ നല്‍കാന്‍ 2019ല്‍ പോലീസിനു നിര്‍ദേശം നല്‍കിയത് ഡിജിപി ലോക്നാഥ് ബെഹ്റയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഇതു സംബന്ധിച്ച് രണ്ട് വര്‍ഷം മുന്‍പ് ബെഹ്റ കത്ത് നല്‍കിയിരുന്നുവെന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കി.
സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ ബീറ്റ് ബുക്കുകള്‍ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു ചേര്‍ത്തല പോലീസിന്റെ ബീറ്റ് ബോക്സും മോന്‍സന്റെ വീടിനു മുന്നിലുണ്ടായിരുന്നു.കലൂരിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളെല്ലാം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ചില പുരാവസ്തുക്കള്‍ പോലീസ് ഇവിടെനിന്നും കടത്തിയതായുള്ള റിപ്പോര്‍ട്ടുകളുംപുറത്തു വരികയാണ്.
ഇതിനിടെ തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി കോടതി തള്ളി. രണ്ട് കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലുമാണ് ജാമ്യം തേടിയിരുന്നത്.മോന്‍സന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
പുരാവസ്തുവിന്റെ മറവിലെ സാമ്പത്തിക തട്ടിപ്പിലും, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോന്‍സന്‍ ജാമ്യം തേടിയിരുന്നത്. പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോന്‍സന്റെ വാദം . എന്നാല്‍ കരുതിക്കൂട്ടിയുളള കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും മോന്‍സനെ സഹായിച്ചവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കിയിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലുമാണ് ജാമ്യം തള്ളിയത്. മോന്‍സനെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കാവുന്ന തരത്തില്‍ ഗൗരവമുള്ളതല്ലെന്നായിരുന്നു മോന്‍സന്റെ വാദം. ഇരുപതാം തിയതിവരെ റിമാന്‍ഡ് നീട്ടിയ മോന്‍സനെ തുടര്‍ അന്വേഷണങ്ങള്‍ക്കും ചോദ്യംചെയ്യലിനുമായി ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
മോന്‍സനുമായി മുന്‍പ് ബന്ധമുണ്ടായിരുന്ന വിദേശ മലയാളിയായി ഒരു യുവതിക്ക് സിപിഎമ്മിലെ ഉന്നത നേതാക്കളുമായുണ്ടായിരുന്ന അടുപ്പവും ലോക കേരള സമ്മേളനത്തിലേക്ക് ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍പര്യത്തില്‍ വിളിച്ചുവരുത്തിയതും ഇറ്റലിയില്‍നിന്നും ഇവര്‍ തുടരെ തിരുവനന്തപുരത്ത് എത്തിയിരുന്നതുമൊക്കെ സംശയത്തിന് ഇടംനല്‍കുകയാണ്. തല്‍ക്കാലം ഈ യുവതിയുമായുള്ള ബന്ധങ്ങള്‍ അന്വേഷണ പരിധിയില്‍പ്പെടുത്തേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
" fr
https://www.facebook.com/Malayalivartha























