നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കെതിരെ രൂക്ഷവിമർശനവുമായി എൻസിപി നേതാവ് നവാബ് മാലിക്: എൻസിബി റെയ്‌ഡിൽ കസ്റ്റഡിയിലെടുത്ത ആര്യൻ ഖാൻ ഉൾപ്പെടെ 11 പേരിൽ ബിജെപി നേതാവിന്റെ ബന്ധു അടക്കം മൂന്ന് പേരെ മണിക്കൂറുകൾക്കകം വിട്ടയച്ചു:- തന്ത്രപരമായ റെയ്ഡിന് ചുക്കാൻ പിടിച്ച എൻസിബി തലവൻ സമീർ വാങ്കഡെയെ നിരീക്ഷിക്കണമെന്നും, വിട്ടയച്ച മൂന്ന് പേരുടെയും ഫോൺ രേഖകൾ അടക്കം പരിശോധിക്കണമെന്നും മാലിക്:- ആരോപണം ശരിവയ്ക്കുന്ന പ്രതികരണവുമായി മുംബൈ പോലീസ്

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) എതിരെ ഗുരുതര ആരോപണവുമായി എൻസിപി നേതാവ് നവാബ് മാലിക്. ആഡംബര കപ്പലിലെ റെയ്‌ഡിൽ എൻസിബി കസ്റ്റഡിയിൽ എടുത്തത് ആര്യൻ ഖാൻ ഉൾപ്പെടെ 11 പേരെയാണെന്നും എന്നാൽ ഇതിൽ മൂന്നു പേരെ മണിക്കൂറുകൾക്കകം വിട്ടയച്ചെന്നുമാണ് നവാബ് ആരോപിച്ചത്.
വിട്ടയച്ചതിൽ ഒരാൾ ബിജെപി നേതാവ് മോഹിത് ഭാരതിയയുടെ ഭാര്യാസഹോദരൻ ഋഷഭ് സച്ച്ദേവയാണെന്ന് പത്രസമ്മേളനത്തിൽ നവാബ് മാലിക് വെളിപ്പെടുത്തി. ആരുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് എൻസിബി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഋഷഭിന് പുറമെ പ്രതിക് ഗാബ, ആമിർ ഫർണിച്ചർവാല എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്ത് രണ്ടു മണിക്കൂറിനകം എൻസിബി വിട്ടയച്ചത്. തന്ത്രപരമായ റെയ്ഡിന് ചുക്കാൻ പിടിച്ച എൻസിബി തലവൻ സമീർ വാങ്കഡെയെ നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിട്ടയച്ച മൂന്ന് പേരുടെയും ഫോൺ രേഖകൾ അടക്കം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ പൊലീസിന്റെ ആന്റി നര്‍കോട്ടിക് സെല്‍ ഇതില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും നവാബ് പറഞ്ഞു. അതേ സമയം നവാബിന്റെ ആരോപണം ശക്തമാക്കുന്ന പ്രതികരണമാണ് മുംബൈ പോലീസിന്റേതും. 11 പേരെയാണ് കപ്പലിൽനിന്ന് കസ്റ്റഡിയിൽ എടുത്തതെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ആര്യനിൽനിന്ന് എൻസിബിക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ഇവരാണ് ആര്യനെ ആഡംബരക്കപ്പലിൽ എത്തിച്ചതെന്നും നവാബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതികിന്റെയും ആമിറിന്റെയും പേരുകൾ കോടതിയിൽ വിചാരണവേളയിൽ കേട്ടിരുന്നതായും നവാബ് അറിയിച്ചു.
എൻസിബി സംഘം നടത്തിയ റെയ്ഡിൽ പിടികൂടിയവരുടെ ദൃശ്യങ്ങൾ അടക്കമാണ് നവാബ് ആരോപണം ഉന്നയിച്ചത്. സച്ച്ദേവിന്റെ പിതാവും ബന്ധുവും എൻസിബി ഓഫിസിൽ എത്തിയിരുന്നു. മുംബൈയിലും ഡൽഹിയിലുമുള്ള ബിജെപി നേതാക്കൾ വാങ്കഡെയുമായി ഫോണിൽ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്ത സംഭവം കൂടി പരാമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസവും എൻസിബിക്കെതിരെ നവാബ് മാലിക് രംഗത്തെത്തിയിരുന്നു.
എൻസിബിയുടേത് ശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുവരെയും എൻസിബി കുടുക്കിയതാണെന്നും ഇതിന് പിന്നിൽ പല മുതിർന്ന നേതാക്കളുടെയും ചരടുവലിയുണ്ടെന്നും നവാബ് മാലിക് തുറന്നടിച്ചു. വ്യാജ ലഹരിമരുന്ന് വേട്ടയിലൂടെ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നവാബ് മാലിക് പറഞ്ഞു.
https://www.facebook.com/Malayalivartha


























