ജോലിയൊന്നുമില്ല, ആഡംബര ജീവിതത്തിന് വേണ്ടി വൻ തട്ടിപ്പ്; ബിസിനസ് ലാഭ വിഹിതം നല്‍കാമെന്നു പറഞ്ഞ് യുവാവ് നാട്ടുകാരില്‍ നിന്ന് വാങ്ങിയത് കോടികള്‍! ഒടുവിൽ പൊലിസ് പിടികൂടിയത് തന്ത്രപൂർവ്വം

ബിസിനസിൽ നിന്നുള്ള ലാഭ വിഹിതം നല്കാമെന്നുപറഞ്ഞ് നിരവധിപേരിൽ നിന്നും കോടികൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണം ജിതിന്‍ (31) നെയാണ് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാര്യമായ ജോലിയൊന്നും ഇല്ലാതിരുന്ന ജിതിന്‍ ആഡംബര ജീവിതത്തിന് വേണ്ടിയാണ് പണം തട്ടിയതെന്നാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്.
ദുബൈ, സിംഗപ്പൂര്‍, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ബിസിനസ് ഉണ്ടെന്നും അതില്‍ നിക്ഷേപിക്കുന്നതിന്‍റെ ലാഭമാണ് നിങ്ങള്‍ക്ക് തരുന്നത് എന്നുമാണ് പണം നൽകിയവരെ ധരിപ്പിച്ചിരിക്കുന്നത്. പണം വാങ്ങിയവര്‍ക്ക് ലാഭ വിഹിതമായി ഇയാള്‍ 18 ശതമാനം വരെ പലിശ കൊടുത്തിരുന്നു.
2017 മുതല്‍ ആണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങാൻ തുടങ്ങിയത്. ലാഭ വിഹിതവും വാങ്ങിയ പണവും തിരികെ ലഭിക്കുന്നില്ലന്ന് കാട്ടി 41 ഓളം പരാതികളാണ് ഒരു മാസത്തിനകം നെടുമങ്ങാട് എ.എസ്.പിക്ക് ലഭിച്ചത്. ഫോണ്‍ പലപ്പോഴും സ്വിച്ച് ഓഫ് ചെയ്ത് പല സ്ഥലങ്ങളിലായാണ് ഇയാള്‍ താമസിച്ചിരുന്നത്.
ഒന്നര ലക്ഷം രൂപ മുതല്‍ 46 ലക്ഷം വരെയാണ് ഇയാള്‍ പലരില്‍ നിന്നായി വാങ്ങിരിക്കുന്നത്. ജിതിനെ കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യയുടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതിയെ കുറിച്ച് അന്വേഷിക്കാനായി എ.എസ്.പിയുടെ നേതൃത്വത്തില്‍ പാലോട് സി.ഐ സി.കെ മനോജ് ഉള്‍പ്പെടെ എട്ടു അംഗ സംഘത്തെ ഉള്‍പ്പെടുത്തി തുടർ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























