വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍;ഇരുനൂറോളം പേരില്‍നിന്ന് കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം വരെ തട്ടിയെടുത്തതായാണ് കേസ്

വിസ വാഗ്ദാനം ചെയ്ത് വാട്‌സ് ആപ് ഗ്രൂപ്പിലൂടെ സന്ദേശമയച്ച് പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി മമ്ബുറം തോട്ടിങ്ങല്‍ മുഹമ്മദിനെയാണ് (കുഞ്ഞുട്ടി 56) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചേലക്കര ടൗണിലെ രാജപ്രഭ ആര്‍ക്കേഡില്‍ 'രഹനാസ് എന്റര്‍പ്രൈസസ്' പേരില്‍ ട്രാവല്‍ ഏജന്‍സിയും ഫാസ്റ്റ് ഫുഡ് കടയും നടത്തുകയാണ് മുഹമ്മദ്. ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ആര്‍മിയില്‍ ജോലി ഒഴിവുണ്ടെന്നും വിസ തയാറാണെന്നും പറഞ്ഞാണ് ഇയാള്‍ തൊഴിലന്വേഷകരെ ആകര്‍ഷിച്ചത്.
വിവിധ ജില്ലകളിലെ ഇരുനൂറോളം പേരില്‍നിന്ന് കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം വരെ തട്ടിയെടുത്തതായാണ് കേസ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നായി 52 പരാതിയാണ് ചേലക്കര പൊലീസിന് ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് കൂടുതല്‍ ആളുകള്‍ പരാതിയുമായി വരുന്നുണ്ട്.
മൂന്നുവര്‍ഷത്തോളമായി ചേലക്കരയില്‍ സ്ഥാപനം നടത്തുന്ന മുഹമ്മദ് ആദ്യമാദ്യം പരാതിയുമായി വരുന്നവരെ പണം തിരികെ നല്‍കി ഒഴിവാക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് കൂടുതല്‍ ആളുകള്‍ വന്ന് തുടങ്ങിയതോടെ സ്ഥാപനം പൂട്ടി ഒളിവില്‍പോയി. പ്രദേശത്തെ വിവിധ ലോഡ്ജുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച പുലര്‍ച്ച ഷൊര്‍ണൂരിലെ ലോഡ്ജില്‍നിന്ന് ചേലക്കര സി.ഐ ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























