ഇത്രയ്ക്ക് കൊള്ളുമെന്ന് കരുതിയില്ല... വെള്ളപ്പൊക്കത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന് ആദ്യം സസ്‌പെന്‍ഷന്‍; പിന്നെ ലൈസന്‍സ് കട്ടാക്കല്‍; ഇപ്പോള്‍ ജാമ്യമില്ലാ കേസും; എന്നിട്ടും തോല്‍ക്കാതെ

വെള്ളപ്പൊക്കത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാര്‍ വിടുന്ന ലക്ഷണമില്ല. ആദ്യം സസ്‌പെന്‍ഷന്‍ നല്‍കി വീട്ടിലിരുത്തി. പിന്നെ ലൈസന്‍സ് കട്ട് ചെയ്യാനുള്ള നടപടി. ഇപ്പോഴിതാ പോലീസും കേസെടുത്തു. പ്രളയ ജലത്തില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചിറക്കി നഷ്ടം വരുത്തിയെന്ന കെഎസ്ആര്‍ടിസി യൂണിറ്റ് മാനേജരുടെ പരാതിയിലാണ് നടപടി.
പൊതുമുതല്‍ നശിപ്പിച്ചതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കെഎസ്ആര്‍ടിസിക്ക് 5,33,000 നഷ്ടം വരുത്തിയെന്നാണ് പരാതി. പ്രതിദിനം ഏതാണ്ട് 12,000 രൂപ വരുമാനമുണ്ടായിരുന്ന ബസാണ് ഇത്. ബസിന്റെ എന്‍ജിനുള്ളില്‍ വെള്ളം കയറിയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി 3.5 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണു വര്‍ക്‌ഷോപ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്. 15 ദിവസത്തെ വരുമാനവും കൂടി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 16ന് ആണ് സംഭവം. പൂഞ്ഞാര്‍ പള്ളിക്കു മുന്‍പിലെ വെള്ളക്കെട്ടിലേക്കാണ് 14 യാത്രക്കാരുമായി ജയദീപ് ബസ് ഓടിച്ചത്. മുണ്ടക്കയത്തു നിന്ന് ഈരാറ്റുപേട്ടയിലേക്കു പോകുകയായിരുന്ന ബസ് വെള്ളത്തിലേക്ക് ഓടിച്ചിറക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസിയെ പരിഹസിച്ചു സമൂഹ മാധ്യമങ്ങളില്‍ ജയദീപ് പോസ്റ്റിടുകയും ചെയ്തിരുന്നു.
ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനു മോട്ടര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ അവഗണിച്ച് ബസ് വെള്ളത്തില്‍ ഇറക്കുകയായിരുന്നെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണു ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് പൊതുമുതല്‍ നശിപ്പിച്ചതിനും ഇപ്പോള്‍ ജയദീപിനെതിരെ കേസെടുത്തിരിക്കുന്നത്.
യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിനാണ് കെഎസ്ആര്‍ടിസി തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന വാദവുമായി പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ മുങ്ങിയ ജയദീപ് രംഗത്തെത്തിയിരുന്നു. തബല കൊട്ടുന്ന വിഡിയോ പങ്കുവച്ചാണ് ജയദീപ് സസ്‌പെന്‍ഷനോട് പ്രതികരിച്ചത്. 'യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാന്‍ തബല എടുത്ത് പെരുക്കിയപ്പോള്‍' എന്ന ശീര്‍ഷകത്തോടെയാണ് ജയദീപ് വിഡിയോ പങ്കുവച്ചത്. സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത പങ്കുവച്ചും ജയദീപ് കുറിപ്പിട്ടിരുന്നു.
ഇതിനു പുറമേ, കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ ശേഷമുണ്ടായ നിരവധി അനുഭവങ്ങളുടെ ഫോട്ടാകളും വിഡിയോകളും ചേര്‍ത്ത് നിരവധി രസകരമായ കുറിപ്പുകളും ജയദീപ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ വച്ചാണ് വെള്ളക്കെട്ടില്‍പ്പെട്ടത്. പള്ളിയുടെ മുന്‍വശത്തെത്തിയപ്പോള്‍ പെട്ടെന്ന് വെള്ളം ഇരച്ച് കയറിയെന്നും ഉടനെ ബസ് വലത്തേക്ക് തിരിച്ച് പള്ളിമതിലിനോട് ചേര്‍ത്ത് നിര്‍ത്തിയെന്നുമായിരുന്നു ഡ്രൈവര്‍ നല്‍കിയ വിശദീകരണം.
ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നുപോയതാണെന്നും കെട്ടി വലിച്ച് ഡിപ്പോയില്‍ എത്തിക്കുകയായിരുന്നുവെന്നും വിശദീകരണത്തില്‍ പറയുന്നു. ഒരാള്‍പ്പൊക്കമുണ്ടായിരുന്ന വെള്ളക്കെട്ടില്‍നിന്ന് നാട്ടുകാരാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് കെഎസ്ആര്‍ടിസി വിശദീകരണം.
"
https://www.facebook.com/Malayalivartha


























