ആമിനയ്ക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം.... യൂസഫലിയുടെ ഇടപെടലിലൂടെ ജപ്തി ഭീഷണിയിലായിരുന്ന കിടപ്പാടം തിരിച്ചു കിട്ടി

കാഞ്ഞിരമറ്റം സ്വദേശിനി ആമിനയ്ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടലിലൂടെ ജപ്തി ഭീഷണിയിലായിരുന്ന കിടപ്പാടം തിരിച്ചു കിട്ടി. ഇളയ മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ആറ് വര്‍ഷം മുന്‍പാണ് വീടിരുന്ന ഒന്‍പത് സെന്റ് സ്ഥലം ഈടു വച്ച് ആമിനയും ഭര്‍ത്താവ് സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. സമീപകാലം വരെ വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ സെയ്ത് മുഹമ്മദ് ക്യാന്‍സര്‍ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസും വന്നു.
തുക തിരിച്ചടക്കാന്‍ ഒരു വഴിയുമില്ലാതെ ആശങ്കയോടെ ഇരിക്കുകയായിരുന്നു കുടുംബം. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി, ആമിന നെട്ടൂരിലെ മകളുടെ വീട്ടിലെത്തി. അവിടെനിന്നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ സഹായിച്ചവരെ കാണാന്‍ ഞായറാഴ്ച യൂസഫലി എത്തിയതറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ടേക്ക് ചെല്ലുകയായിരുന്നു.
പുരയിടം ജപ്തി ഭീഷണിയിലാണെന്ന വിവരം ഒരു തുണ്ടുകടലാസിലൂടെ ആമിന യൂസഫലിയെ അറിയിച്ചു. 'ജപ്തി ചെയ്യൂല്ലാട്ടോ, ഞാന്‍ നോക്കിക്കൊള്ളാം' എന്ന ഉറപ്പ് അദ്ദേഹം നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ആമിനയുടെ വീട്ടിലെത്തി, വെറും കൈയോടെ അല്ല...
കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീര്‍ത്തതായി അറിയിക്കുകയും, രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയ്ക്ക് നല്‍കുകയും ചെയ്തു. കൂടാതെ സെയ്ദ് മുഹമ്മദിനുള്ള ചികിത്സാ സഹായമായി 50,000 രൂപയും യൂസഫലിയുടെ നിര്‍ദേശപ്രകാരം കൈമാറി. പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നതെന്നാണ് ആമിന നിറകണ്ണുകളോടെ പറയുന്നത്.
https://www.facebook.com/Malayalivartha