'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം, ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്... ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം; ഇപ്പോഴും സംസാരം മരണത്തെ കുറിച്ച് മാത്രം: പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞത് അത് മാത്രം

ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവ് ഇല്ലാത്ത ലോകത്ത് കുട്ടികളുമായി ജീവിക്കാന്‍ പ്രിയ ഇഷ്ടപ്പെട്ടിരുന്നില്ല.
അതുകൊണ്ടുതന്നെയാണ് രണ്ടു കുട്ടികളുമായി അവര്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് പേരാമ്ബ്ര പലേരി സ്വദേശിനിയായ പ്രിയയും രണ്ടു മക്കളുമാണ് അത്മഹത്യ ചെയ്തത്. പ്രിയയ്ക്കൊപ്പം, നിവേദ്യ, പുണ്യ എന്നീ പെണ്‍മക്കളുമാണ് പൊള്ളലേറ്റ് മരിച്ചത്.
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയാണ് പ്രിയയും കുട്ടികളും മരിച്ചത്. പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ കിടക്കുമ്ബോള്‍, രക്ഷിക്കാനെത്തിയവരോട് പ്രിയ വിളിച്ചുപറഞ്ഞത് ഇങ്ങനെ, 'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം. ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം'.
പൊള്ളലേറ്റു രക്ഷിക്കാനെത്തിയവരോട് മാത്രമല്ല, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍മാരോടും പ്രിയ ഇതുതന്നെയാണ് പലയാവര്‍ത്തി പറഞ്ഞുകൊണ്ടിരുന്നത്. ഒരു നാടിന്‍റെയാകെ വേദനയാകുകയാണ് ഈ കുടുംബത്തിന്‍റെ വിയോഗം.
പാലേരിയിലെ ചിപ്‌സ് നിര്‍മാണ കടയിലെ ജീവനക്കാരനായിരുന്ന പ്രകാശന്‍ മാസങ്ങള്‍ക്ക് മുന്നെയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രകാശന്‍റെ മരണം. അതിനുശേഷം കടുത്ത മാനസികസമ്മര്‍ദ്ദത്തിലും മനോവിഷമത്തിലുമായിരുന്നു പ്രിയ. നിരന്തരം ആത്മഹത്യയെക്കുറിച്ചാണ് അവര്‍ സംസാരിച്ചിരുന്നതെന്നും അടുത്ത കുടുംബാംഗങ്ങള്‍ പറയുന്നു. ഒടുവില്‍ പ്രിയയെയും മക്കളെയും പ്രകാശന്‍റെ അരികിലായി തന്നെ അടക്കം ചെയ്തത് കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
അച്ഛമ്മ ഓമന അമ്മ മറ്റൊരു മുറിയിലും പ്രിയയും മക്കളും ഒരു മുറിയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഓമന അമ്മയുടെ അടുത്ത് ഉറങ്ങാറുള്ള കുട്ടിയെ കഴിഞ്ഞദിവസം പ്രിയയ്‌ക്കൊപ്പം മാറ്റിക്കിടത്തുകയായിരുന്നു. ഓമന അമ്മയുടെ നിലവിളികേട്ടാണ് അടുത്ത വീട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്. മുറി തുറക്കാത്തതിനാല്‍ ചവിട്ടിത്തുറക്കുകയായിരുന്നു. പൊള്ളലേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രകാശന്‍റെ മരണശേഷം എപ്പോഴും മരണത്തെക്കുറിച്ച് മാത്രമാണ് പ്രിയ സംസാരിച്ചിരുന്നതെന്ന് ഉറ്റ കുടുംബാംഗങ്ങള്‍ പറയുന്നു. മൂത്ത മകളോട് ആത്മഹത്യയെക്കുറിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങല്‍ അങ്ങാടിയിലെത്തി റേഷന്‍കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങിച്ചിരുന്നു.
വീട്ടിലെ വെള്ളത്തിന്റെ വാല്‍വ് പൂട്ടിയ നിലയിലായിരുന്നു. ആളുകള്‍ രക്ഷിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചിന് പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പില്‍ പ്രകാശന്‍റെ ശവകുടീരത്തിനു സമീപം മൂവരെയും സംസ്കരിച്ചു.
https://www.facebook.com/Malayalivartha