ഒരു സവിശേഷ മനുഷ്യനെ കാണാൻ പോയിരുന്നു;പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്;വീൽ ചെയർ പാരതന്ത്ര്യം അല്ലാത്ത ഈ മനുഷ്യൻ പലതരം സ്വാതന്ത്ര്യങ്ങളുടെ വക്താവാണ്; സി.വി. രാധാകൃഷ്ണനെ പരിചയപ്പെട്ട സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

ഒരു സവിശേഷ മനുഷ്യനെ കാണാൻ പോയിരുന്നു. പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്. വീൽ ചെയർ പാരതന്ത്ര്യം അല്ലാത്ത ഈ മനുഷ്യൻ പലതരം സ്വാതന്ത്ര്യങ്ങളുടെ വക്താവാണ്. സ്വതന്ത്രസോഫ്റ്റ്‌വെയർ, സ്വതന്ത്രപകർപ്പവകാശം, സ്വതന്ത്രപ്രസാധനം, വിജ്ഞാനസ്വാതന്ത്ര്യം എന്നു തുടങ്ങി തൊഴിൽസ്വാതന്ത്ര്യവും കമ്മ്യൂൺ ജീവിതവുംവരെ ഒരുപാട് പുരോഗമനാശയങ്ങളുടെ വക്താവും പ്രയോക്താവും.
സി.വി. രാധാകൃഷ്ണനെ പരിചയപ്പെട്ട സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അടുപ്പക്കാർ വിളിക്കുന്നത് സിവിആർ എന്ന്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് താമ്രപർണ്ണിയുടെ തീരത്തുനിന്ന് തിരുവനന്തപുരം നഗരത്തിൽ കുടിയേറിയ ഇദ്ദേഹം മലയാളഭാഷയ്ക്കും ഭാഷാസാങ്കേതികവിദ്യയ്ക്കും നല്കിവരുന്ന സംഭാവനകൾപോലെതന്നെ കൗതുകകരമാണ് ആ ജീവിതവും.
ദില്ലിയിൽ ഷിപ്പിങ് മന്ത്രാലയത്തിൽ ജോലി ചെയ്യുമ്പോൾ കാലുകൾക്കുണ്ടായ വേദന റഫർ ചെയ്ത് എയിംസിൽ എത്തിയപ്പോൾ പെരനിയൽ മസ്കുലാർ ഡിസ്റ്റ്രോഫി (Peroneal Muscular Dystrophy) എന്ന മോട്ടോർ ന്യൂറോൺ രോഗമാണെന്നു കണ്ടെത്തി. ചികിത്സ ഇല്ല. അഞ്ചുകൊല്ലത്തിലധികം ജീവിച്ചിരിക്കില്ലെന്നുകൂടി അവർ വ്യക്തമാക്കിയപ്പോൾ നാട്ടിലേക്കു മടങ്ങി. 1975-കാലം. വയസ് 25.
തരക്കേടില്ലാത്ത ആരോഗ്യമുള്ളയാൾ അഞ്ചുകൊല്ലത്തിനകം മരിച്ചുപോകുമെന്നത് കെട്ടുകഥപോലെയേ വീട്ടുകാർക്കു തോന്നിയുള്ളൂ. ജോലി ഉപേക്ഷിച്ചു പോന്നതിന്റെപേരിൽ ഉണ്ടായ അസ്വാരസ്യത്തിൽ നാടുവിട്ടു. ചെന്നൈയിൽ ഹോട്ടൽ ബോയ്, സെയിൽസ് ബോയ്, കൊമേഴ്സ്യൽ ആർട്ടിസ്റ്റ് ഒക്കെയായി ചുറ്റിയലഞ്ഞു.
ബാത്തിക് ആർട്ടും പഠിച്ചു. അന്ന് ലേശം ആത്മനിന്ദയൊക്കെ തോന്നിയത്രേ! അതിനിടയിൽ അസുഖം കുഴപ്പത്തിലേക്കു നീങ്ങുന്നുവെന്നു തോന്നിയപ്പോൾ കേരള, തമിഴ്‌നാട് അക്കൗണ്ടന്റ് ജനറൽ ഓഫീസുകൾ, കേരളസർവ്വകലാശാല എന്നിവയിൽ ടെസ്റ്റ് എഴുതി. മൂന്നും കിട്ടി. 1988-ൽ സർവ്വകലാശാലയിൽ ചേർന്നു – കാര്യവട്ടത്ത് ബയോകെമിസ്റ്റ്രിയിൽ അസിസ്റ്റന്റായി.
ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനോടുള്ള വിരോധം കാരണം 16 കൊല്ലം അത് എഴുതിയില്ല. അതു തട്ടിപ്പാണെന്നു കാണിച്ചു മൂന്നുവട്ടം മുഖ്യമന്ത്രിക്കു കത്തും എഴുതി. അങ്ങനെ ഒരേശമ്പളത്തിൽ അവസാനംവരെ ജോലി ചെയ്തു. വായ്പയെടുത്തു നാട്ടിൽ വീടുവച്ചു. എങ്കിലും ‘മരണാസന്നന്റെ ശിഷ്ടകാലം’ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കഴിക്കാൻ പങ്കാളിയായി ഒരു കമ്പ്യൂട്ടറിനെ കൂട്ടി. നാട്ടിൽ കമ്പ്യൂട്ടറിന്റെ ബാല്യകാലം. മാത്തമാറ്റിക്സ് ഡിപാർട്ട്മെന്റിലെ പ്രൊഫ: കെ.എസ്.എസ്. നമ്പൂരിപ്പാടാണ് ടെക് പഠിക്കാൻ ഉപദേശിച്ചതും പഠനസാമഗ്രികൾ കൊടുത്തതും.
അതിൽ മാസ്റ്ററായതോടെ 1994-ൽ തിരുവനന്തപുരത്ത് റിസർവ്വ് ബാങ്കിനടുത്തായി തുടങ്ങിയ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കി(STP)ൽ 200 ച. അടി സ്ഥലമെടുത്ത് ഒരു സ്റ്റാർട്ടപ് സംരംഭം തുടങ്ങി. രാജേന്ദ്രൻ, രാജഗോപാൽ എന്നീ അനിയന്മാരെയും കൂട്ടി. അതാണ് ഇന്ന് റിവർ വാലി ടെക്നോളജീസ് എന്ന സ്ഥാപനം.
അന്നൊക്കെ നടക്കാൻ കഴിയുമായിരുന്ന കാലുകൾ തളർന്നുതുടങ്ങിയപ്പോൾ സ്ഥാപനം വളരുകയായിരുന്നു; സിവിആറിന്റെ ഇച്ഛാശക്തിയും. ലോകോത്തരമായ നൂറിൽപ്പരം ഗണിത-സയൻസ് ജേണലുകളുടെ രൂപകല്പന തിരുവനന്തപുരത്തേക്കു കൊണ്ടുവന്നൂ സിവിആർ. അത്തരം ജേണലുകളുടെ രൂപകല്പനയ്ക്ക് സവിശേഷമായ ടെക് എന്ന ഡിസൈൻ സോഫ്റ്റ്‌വെയറിന്റെ വികസനത്തിലും ഇദ്ദേഹം വലിയ സംഭാവന ചെയ്തു.
ഇവർ ഇപ്പോൾ ഉപയോഗിക്കുന്ന ടെക് പതിപ്പ് പൂർണ്ണമായും ഇവർ വികസിപ്പിച്ചതാണ്. തളർച്ച കൂടുതൽ ബാധിച്ചതോടെ വീട്ടിൽപ്പോക്ക് പ്രയാസമായതിനാൽ റിവർ വാലിയിൽത്തന്നെ താമസമാക്കിയ സിവിആറിനെ അവിടെപ്പോയാണു കണ്ടത്. പ്രകൃതിയോടിണങ്ങിയ നിർമ്മാണവും പരിപാലനവും മറ്റനവധി സവിശേഷതകളുമുള്ള റിവർ വാലി ക്യാമ്പസിലെ സന്ദർശനം വിശേഷാനുഭവമായിരുന്നു.
ലാറി ബേക്കറുടെ നിർമ്മാണമാതൃക. എറണാകുളത്തെ ജയഗോപാലും ലതയുമാണ് രൂപകൽപ്പനയും നിർമ്മാണവും. നിർമ്മാണം ഏറെയും ട്രീറ്റ് ചെയ്ത മുളകൊണ്ടാണ്. നാലേക്കറിൽ നട്ടുവളർത്തിയ കാട്. അതിനിടയിൽ പച്ചക്കറിക്കൃഷിയും മഴവെള്ളസംഭരണിയിൽ മീൻകൃഷിയും കോഴി, പശു വളർത്തലും എല്ലാമായി സ്വയംപര്യാപ്തം. മുഴുവൻ ജീവനക്കാർക്കും ആഹാരത്തിനു ക്യാന്റീനിലേക്കും വീട്ടിൽ കൊണ്ടുപോകാനും വേണ്ടത്രയാണ് ഇവയുടെയെല്ലാം ഉത്പാദനം.
ടെക് പരിശീലിപ്പിച്ച് നൂറ്റിനാല്പതോളം ഡിസൈനർമാർക്കാണ് ഇദ്ദേഹം തൊഴിൽ നല്കിയിരിക്കുന്നത്. തൊഴിലാലികൾക്ക് അവരുടെ സൗകര്യത്തിനുള്ള സമയക്രമവും മികച്ച വേതനാനുകൂല്യങ്ങളുമൊക്കെയുണ്ട്. കോവിഡും വർക്ക് ഫ്രം ഹോം സംസ്ക്കാരവുമൊക്കെ ഇവിടെ വരുമ്മുമ്പേ ജീവനക്കാരുടെ സൗകര്യം മനസിലാക്കി സിവിആർ അതു നടപ്പാക്കി. വീടുകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും കമ്പ്യൂട്ടർ സംവിധാനവും അതിനുള്ള മേശയും കസേരയുമെല്ലാം ഏർപ്പാടാക്കിയാണ് ഇതു നടപ്പാക്കിയത്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഇൻഡ്യയിലെ സ്ഥാപകരിൽ ഒരാളായ സിവിആറിന്റെ ഒപ്പമാണ് റിച്ചാഡ് സ്റ്റാൾമാൻ തിരുവനന്തപുരത്തു വരുമ്പോൾ താമസിക്കാറ്. നിയമങ്ങളുടെയും കോടതി വിധികളുടെയും പാർലമെന്റ് - നിയമസഭാ നടപടികളുടെയുമൊക്കെ ആർക്കൈവിങ്ങിലും സവിശേഷസംഭാവന ഇദ്ദേഹം നല്കിയിട്ടുണ്ട്.
മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഇദ്ദേഹം അതിനായി നടത്തുന്ന സന്നദ്ധസ്ഥാപനമായ സായാഹ്ന ഫൗണ്ടേഷൻ മലയാളത്തിലെ ക്ലാസിക്കുകളും വ്യാകരണഗ്രന്ഥങ്ങളും ശബ്ദതാരാവലിയും ഐതിഹ്യമാലയും അടക്കം ഇന്ന് അച്ചടിയിൽ ഇല്ലാത്തതും അമൂല്യവുമായ ധാരാളം ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിനു സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
കെ. ദാമോദരൻ, കുമാരനാശാൻ, ചങ്ങമ്പുഴ തുടങ്ങി പല പ്രമുഖരുടെയും സമ്പൂർണ്ണരചനകളും എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിന്റെ മുഴുവൻ ലക്കങ്ങളുമൊക്കെ ഈ ശേഖരത്തിലെ ആകർഷണങ്ങളാണ്. ഇന്നത്തെ പ്രമുഖ എഴുത്തുകാരുടെ പകർപ്പവകാശരഹിതമായ രചനകളും കൂട്ടത്തിലുണ്ട്. ഗ്രന്ഥകർത്താക്കൾക്ക് സാമ്പത്തികനേട്ടംകൂടി നല്കുന്ന റിവർ വാലി പ്രസ് എന്ന സ്ഥാപനത്തിലൂടെ ഒരു ഡിജിറ്റൽ പ്രസിദ്ധീകരണ-വിതരണ മാതൃകയ്ക്കും സിവിആർ തുടക്കം കുറിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിനുകൂടിയാണു ഞാൻ പോയത്. ജനകീയാസൂത്രണത്തെപ്പറ്റി ഞാൻ ഫേസ്‌ബുക്കിൽ എഴുതിവരുന്ന ചരിത്രക്കുറിപ്പുകളും അക്കാലത്തെ ഫോട്ടോകളും പല വിഭാഗങ്ങളായിത്തിരിച്ച് സമാഹരിച്ച് ഇലക്‌ട്രോണിക് പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനു സഹായം തേടിയാണു പോയത്. എന്താണ് ഞങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ജനകീയാസൂത്രണ ജനകീയ ചരിത്രത്തിന്റെ 250-ാം ലക്കത്തിൽ പറയാം.
https://www.facebook.com/Malayalivartha