കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് ഇനി ജ്വലിക്കുന്ന ഓർമ... ആഴ്ചകൾക്ക് മുൻപ് അച്ഛന് ശ്വാസതടസം ഗുരുതരമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ഓടിയെത്തിയ ആ മുറ്റത്ത് മകന്റെ ഭൗതികദേഹം ത്രിവർണപതാക പുതപ്പിച്ച് വീടിന്റെ മുറ്റത്ത് കിടത്തിയപ്പോൾ കണ്ടുനിന്നവർക്ക് പോലും സഹിക്കാനായില്ല.. തോരാ കണ്ണീരുമായി അമ്മയും അച്ഛനും ഭാര്യയും പിഞ്ചുമക്കളും, നെഞ്ചുരുകി കൈകൂപ്പി ആയിരങ്ങൾ...

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് നാടിന് തീരാ കണ്ണീരായി. മകന്റെ ഭൗതികദേഹം ത്രിവർണപതാക പുതപ്പിച്ച് വീടിന്റെ മുറ്റത്ത് കിടത്തിയപ്പോൾ ഓക്സിജൻ മാസ്കിട്ട് മുറിയിൽ കിടക്കുകയായിരുന്നു രാധാകൃഷ്ണൻ. ബന്ധുക്കൾ താങ്ങിയെടുത്ത് മുറ്റത്തെത്തിച്ചു.
വിറയാർന്ന കൈകളിലെ പൂക്കൾ മൂന്നുവട്ടം തലയിൽ ചുഴറ്റി പെട്ടിയുടെ കാൽക്കൽ സമർപ്പിച്ച് കൈകൂപ്പി വിതുമ്പി. പിന്നെ പ്രദീപിന്റെ കുഞ്ഞു മകൾക്കൊരു മുത്തം നൽകി. അൽപ്പം കഴിഞ്ഞ് എടുത്തു കൊണ്ടുപോയി കിടക്കയിൽ കിടത്തി വീണ്ടും ഓക്സിജൻ മാസ്ക് ഘടിപ്പിച്ചു. മകന് സംഭവിച്ച അപകടത്തെപ്പറ്റി വെള്ളിയാഴ്ച രാത്രിയാണ് രാധാകൃഷ്ണന് സൂചന കൊടുത്തത്. ഇന്നലെ രാവിലെ മുതൽ അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു, മകനെവിടെയെന്ന്.
ആഴ്ചകൾക്കു മുൻപ് അച്ഛന് ശ്വാസതടസം ഗുരുതരമായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞാണ് പ്രദീപ് ഓടിയെത്തിയത്. അച്ഛനോപ്പം നിന്ന് പരിചരിച്ച് അല്പം സുഖപ്പെട്ടപ്പോൾ വീട്ടിലെത്തിച്ച്, മകന്റെ പിറന്നാൾ ആഘോഷിച്ച ശേഷമായിരുന്നു മടക്കം. ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമായിരുന്നു അപകടം.
ഇന്നലെ വൈകിട്ട് ആറോടെ മൃതദേഹം ജന്മനാടായ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകൻ ഏഴു വയസുകാരൻ ദക്ഷിൺദേവാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കേരള പൊലീസും വ്യോമസേനയും ഗാർഡ് ഒഫ് ഓണർ നൽകി. സംസ്‌കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം കുടുംബത്തിന് വ്യോമസേനാ അധികൃതർ കൈമാറി.
ഡൽഹിയിൽ നിന്ന് 11ന് സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതികശരീരം റോഡ് മാർഗമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനും ടി.എൻ. പ്രതാപൻ എം.പിയും അനുഗമിച്ചു. 12.30 ന് വാളയാറിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കെ. രാധാകൃഷ്ണൻ എന്നിവരും തൃശൂർ അതിർത്തിയായ വാണിയമ്പാറയിൽ 1.45 ന് കളക്ടർ ഹരിത വി. കുമാറും മൃതദേഹം ഏറ്റുവാങ്ങി.
പുഷ്പാലംകൃതമായ ആംബുലൻസിൽ ഭൗതികശരീരം കൊണ്ടുവരവെ ആയിരങ്ങളാണ് വഴിയരികിൽ ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്.പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ 2.45 ന് എത്തിച്ച മൃതദേഹത്തിൽ കര,വ്യോമ,നാവിക സേനാംഗങ്ങളും പൊലീസും ആദരം അർപ്പിച്ചു. വ്യോമസേനയുടെ 70 സൈനികർ സ്‌കൂളിലെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് ഒരുനോക്കുകാണാനെത്തിയത്. വീട്ടിലേക്കുള്ള വിലാപയാത്രയിൽ വഴിയിലുടനീളം പുഷ്പവൃഷ്ടിയോടെയും ദേശീയപതാക വീശിയും ആദരം നൽകി.
കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന മന്ത്രിമാരും പുഷ്പചക്രം സമർപ്പിച്ചു.4.25 ന് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അമ്മ കുമാരിയും കിടപ്പുരോഗിയായ അച്ഛൻ രാധാകൃഷ്ണനും ഭാര്യ ശ്രീലക്ഷ്മിയും മകൻ ദക്ഷിൺദേവും മകൾ ദേവപ്രയാഗയും (2) സഹോദരൻ പ്രസാദും അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ കണ്ടു നിന്നവർക്കും വിതുമ്പലടക്കാനായില്ല.
https://www.facebook.com/Malayalivartha