കോവളത്ത് വിദേശിയായ ടൂറിസ്റ്റ് മദ്യമൊഴുക്കിക്കളഞ്ഞ സംഭവത്തില്‍ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തേക്കും.... നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ അമര്‍ഷം പുകയുന്നു

കോവളത്ത് വിദേശിയായ ടൂറിസ്റ്റ് മദ്യമൊഴുക്കിക്കളഞ്ഞ സംഭവത്തില്‍ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തേക്കും. പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിവേദന പ്രകാരമാണ് നടപടിയെന്ന് അറിയുന്നു. നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ അമര്‍ഷം പുകയുകയാണ്.
മന്ത്രി റിയാസിന് വേണ്ടിയാണ് മുഖ്യമന്ത്രി എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതെന്ന ആക്ഷേപം ശക്തമാണ്. ഒരുതരത്തിലുമുള്ള അന്വേഷണവും നടത്താതെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നത്രേ. അതു കൊണ്ടു തന്നെ എസ്.ഐയെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.
കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.കെ ഷാജിയാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനും പരാതി നല്‍കിയിട്ടുണ്ട്.
ടി.കെ. ഷാജിക്കെതിരായ നടപടി പോലീസ് ഓഫീസര്‍മാര്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. അസോസിയേഷന്‍ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടി.കെ. ഷാജി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ലെറ്റര്‍പാഡിലാണ് പരാതി നല്‍കിയിരിക്കുന്നത്. അസോസിയേഷന്റെ ലെറ്റര്‍ ഹെഡില്‍ പരാതി നല്‍കുക എന്നാല്‍ അസോസിയേഷന്‍ ഷാജിക്കൊപ്പം എന്നാണ്.
തെറ്റിദ്ധാരണമൂലമാണ് തനിക്കെതിരെ നടപടി എടുത്തതെന്നും വിദേശിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടി.കെ ഷാജി പരാതിയില്‍ പറയുന്നു. നിയമപ്രകാരമുള്ള വാഹന പരിശോധനമാത്രമാണ് നടത്തിയത്. തനിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഈ പരാതിയില്‍ പറയുന്നു.
ഷാജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ വാഹന പരിശോധന പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാണ് അസോസിയേഷന്‍ ആലോചിക്കുന്നത്. മാധ്യമങ്ങളെയാണ് അസോസിയേഷന്‍ കുറ്റം പറയുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. വിദേശ പൗരന്‍ മദ്യം ഒഴുക്കി കളയുന്നതിന്റെ വീഡിയോ ആരാണ് ചിത്രീകരിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ചയാള്‍ തന്നെയാണ് അത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
വിരമിക്കാന്‍ അഞ്ച് മാസം മാത്രം സമയമുള്ളപ്പോഴാണ് തനിക്കുനേരെ ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. ഇന്നുവരെ ഇത്തരത്തിലുള്ള ഒരു നടപടിയും നേരിട്ടിട്ടില്ല. ഒരു വധക്കേസില്‍ പ്രതിക്ക് വധശിക്ഷ നേടിക്കൊടുത്ത സംഘത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് താനെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബില്ലില്ലാതെ മദ്യം സൂക്ഷിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. നിയമപ്രകാരം സ്വദേശ പൗരന്റെ ഭാഗത്താണ് തെറ്റ്. സര്‍ക്കാരാകട്ടെ കനത്ത പരിശോധനയാണ് പുതുവത്സര തലേന്ന് നടത്തിയത്. കോവളം പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പരിശോധന ശക്തമായിരുന്നു. പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഷാജി പരിശോധന നടത്തിയത്. പരിശോധന നടത്താന്‍ പറഞ്ഞവര്‍ക്ക് ഷാജിയെ തിരിച്ചെടുക്കുന്ന കാര്യത്തിലും ഉത്തരവാദിത്വമുണ്ട്. അതാണ് ഷാജിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
റിയാസിന്റെ കോപത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.എന്നാല്‍ സ്വന്തം വകുപ്പിന് വേണ്ടി മുഖ്യമന്ത്രിക്ക് അത് ചെയ്‌തേ മതിയാകൂ. ഇല്ലെങ്കില്‍ പോലീസില്‍ കലാപം മൂര്‍ച്ഛിക്കും. അതിനാല്‍ ഷാജിക്കെതിരായ നടപടി താക്കീതിലൊതുങ്ങും.
https://www.facebook.com/Malayalivartha