ഗവർണർ, രാഷ്ട്രപതി പദവികൾക്ക് അന്തസുണ്ട്; അതിന്റെ മാന്യതയെ കുറിച്ച് അജ്ഞരായവർ നടത്തുന്ന പരാമർശങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല; നിരുത്തരവാദപരമായ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവർണർ

ഡി. ലിറ്റ് വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗവർണ്ണർ. ഡി.ലിറ്റിന് ശുപാർശ ചെയ്യുക എന്നത് സർവകലാശാലകളുടെയും ചാൻസലറുടെയും അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്കെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും അദ്ദേഹം ചുട്ട മറുപടിയാണ് ഈ കാര്യത്തിൽ നൽകിയിരിക്കുന്നത്.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം അവ ആയിരിക്കേണ്ടുന്നതെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു . ഗവർണർ, രാഷ്ട്രപതി പദവികൾക്ക് അന്തസുണ്ട് . അതിന്റെ മാന്യതയെ കുറിച്ച് അജ്ഞരായവർ നടത്തുന്ന പരാമർശങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയും നിയമങ്ങളും വായിച്ചും പഠിച്ചുമാകണം ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിൽ സംസാരിക്കേണ്ടതെന്നും, നിരുത്തരവാദപരമായ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി. ഡി.ലിറ്റ് ശുപാർശ ആർക്കും നൽകാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.അദ്ദേഹത്തിന് ഉള്ള മറുപടിയായിരുന്നു ഗവർണ്ണർ നൽകിയത്.
പ്രതിപക്ഷ നേതാവിന് ഉള്ള മറുപടിയുമായി കേന്ദ്ര മന്ത്രി വി.മുരളീധരനും രംഗത്ത് വന്നിരുന്നു. ഡി.ലിറ്റ് ശുപാർശ ചെയ്യാൻ ഗവർണർക്ക് എന്ത് അധികാരമെന്നാണ് സതീശൻ ചോദിച്ചത്. ഡി ലിറ്റ് ശുപാർശ ആർക്കും കൊടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷനേതാവിന് ആ കാര്യം അറിഞ്ഞു കൂടാത്തത് ഗവർണറുടെ കുറ്റമല്ലെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ വി.ഡി. സതീശൻ തന്റെ വിമർശനത്തിൽ അടിയുറച്ച് നിൽക്കുകയാണ്. വി.സിയെ വിളിച്ചു വരുത്തി ഡി.ലിറ്റ് നൽകണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്. ഇക്കാര്യം വി.സിയുടെ ചെവിയിലല്ല ഗവർണർ പറയേണ്ടത്. അതിന് നടപടിക്രമങ്ങൾ പാലിക്കണമായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാരും ഗവർണറും തമ്മിലുള്ള പോര് കോടതി വിധി വന്ന ശേഷവും ശക്തമായി തുടരുന്നുണ്ട്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ചാൻസലറുടെ അധികാരം പ്രോ ചാൻസലർക്ക് നൽകാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഓർഡിനൻസിൽ ഒപ്പിട്ടു നൽകാൻ താൻ തയ്യാറാണ്.പക്ഷേ ചാൻസലർ വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ അധിക്ഷേപിക്കുകയാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത്തരം അധിക്ഷേപങ്ങൾ തടയാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഒരു പ്രതീകാത്മക തലവനായി ഇരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹംപറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് തെറ്റുകൾ ചെയ്തതെന്നും നിയമാനുസൃതമല്ലാത്ത നിയമനങ്ങൾക്ക് ഞാൻ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. ഗവർണർ പദവി തനിക്ക് നൽകിയത് പാർലമെന്റാണ്, നിയമസഭയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha