ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും എന്നാണ് പ്രമാണം; ദൈവത്തിനുള്ളത് സീസറിന് കൊടുക്കേണ്ട കാര്യമില്ലല്ലോ; അഥവാ സീസറിന് കൊടുക്കണമെങ്കിൽ അത് ദൈവം വഴി കൊടുക്കണമെന്നും ഇല്ലല്ലോ; പത്തുകോടി രൂപയെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്; പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ

പണം സർക്കാരിന് നൽകാൻ ബോർഡിന് അധികാരമുണ്ടെന്നും അതാണ് ഭക്തർക്ക് താൽപര്യമെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തികച്ചും വ്യക്തിപരമായ ഒരു കാര്യം.
ന്യൂഇയർ റെസലൂഷൻ എന്നു വിളിച്ചാലും തെറ്റില്ല. പ്രളയശേഷം ഗുരുവായൂർ ദേവസ്വം ബോർഡ്, ഭക്തരുടെ കാണിക്കയിൽ നിന്നും പത്തുകോടി രൂപയെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് ഓർമ്മയുണ്ടല്ലോ. അത് പ്രശ്നമായപ്പോൾ ഹൈക്കോടതി ഇടപെട്ടു. മതപരമായ ആവശ്യങ്ങൾക്ക് സമർപ്പിക്കപ്പെട്ട പണം മതേതരവും ക്ഷേത്രേതരവും ആയ കാര്യത്തിന് ഉപയോഗിക്കരുത് എന്നതായിരുന്നു ആവശ്യം.
അത് ബോധ്യപ്പെട്ട ഹൈക്കോടതി ഫുൾബെഞ്ച് ബോർഡിനെതിരെ വിധി പ്രസ്താവിച്ചു. മുഴുവൻ തുകയും സർക്കാർ ബോർഡിന് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. കൊല്ലം ഒന്ന് കഴിഞ്ഞു. ഇപ്പോൾ ഇതാ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. പണം സർക്കാരിന് നൽകാൻ ബോർഡിന് അധികാരമുണ്ടെന്നും അതാണ് ഭക്തർക്ക് താൽപര്യമെന്നും.
ആരുടെ താല്പര്യമാണ് ബോർഡ് സംരക്ഷിക്കുന്നത്? ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്ന പണവും വസ്തുക്കളും ക്ഷേത്രസംബദ്ധിയോ വിശ്വാസസംബന്ധിയോ ദർശന സൗകര്യങ്ങൾ വർധിപ്പിക്കാനോ ആയ കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഹിന്ദുക്കൾക്ക് കിട്ടിയിരിക്കുന്ന ഷോർട്ട്കട്ട് അല്ലല്ലോ ഗുരുവായൂർ ദേവസ്വം.
സർക്കാരിന് പണം നൽകാൻ താല്പര്യപ്പെട്ടവർ അത് നേരിട്ടുതന്നെ ചെയ്തിട്ടുണ്ട്. അതിന് ബോർഡ് ഇടനിലക്കാരൻ ആകേണ്ട ആവശ്യമില്ല. ഭക്തരുടെ താല്പര്യം ബോർഡിനൊപ്പം ആണെന്ന് ബോർഡ് എങ്ങനെ തീരുമാനിച്ചു? അവർക്കിടയിൽ ഹിതപരിശോധന നടത്തിയോ? ബോർഡിന്റെയും സർക്കാരിന്റെയും താല്പര്യമാണ് ഭക്തരുടെ താല്പര്യമെന്ന ചിന്ത തന്നെ തെറ്റാണ്.
വ്യവസായിയുടെ കുടുംബത്തിലെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രം അലങ്കാരം കൊണ്ട് അലങ്കോലം ആക്കിയപ്പോഴും ഭക്തരുടെ താല്പര്യം പരിഗണിച്ചിരുന്നോ? സെക്കുലർ എന്ന് അവകാശപ്പെടുന്ന ഭരണഘടനയുള്ള ഒരു രാജ്യത്ത് ഒരു മതത്തിന്റെ സ്ഥാപനങ്ങളുടെ നിയന്ത്രണം സർക്കാർ കൈവശപ്പെടുത്തുകയും രാഷ്ട്രീയ നിയമനങ്ങൾ നടത്തുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ഭക്തരുടെ താല്പര്യം ആരായാതെ, അവർക്ക് യാതൊരു പ്രാതിനിധ്യവും ഇല്ലാത്ത രീതിയിൽ തീരുമാനങ്ങൾ എടുക്കുന്നത് കടുത്ത അനീതിയാണ്. ശബരിമലയിൽ ഉൾപ്പടെ ബോർഡ് ആരോടൊപ്പമാണ് നിന്നതെന്ന് നാം കണ്ടതാണല്ലോ. ഉത്തരാഖണ്ഡ് സർക്കാർ അടുത്തിടെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും
മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ച കർണ്ണാടക സർക്കാരും സമാനമായ തീരുമാനം പ്രഖ്യാപിച്ചു. കേരളത്തിലും അങ്ങനെയുള്ള തീരുമാനം ഉണ്ടാകണം. അതുവരെ, നേരിട്ടോ അല്ലാതെയോ എന്റെ ഒരു രൂപ പോലും ദേവസ്വം ബോർഡ് സ്വന്തം നിലയ്ക്ക് ചെലവഴിക്കില്ല എന്ന് ഉറപ്പുവരുത്താൻ ആണ് എന്റെ തീരുമാനം.
ഭക്തിയോടെ കാരസ്കാരത്തിന്റെ കുരു നൽകിയാലും ഭഗവാൻ സ്വീകരിക്കും എന്നാണല്ലോ. ബോർഡ് ക്ഷേത്രങ്ങളിൽ കാര്യങ്ങൾ നോക്കാൻ ബോർഡ് അംഗങ്ങൾ ഉണ്ടല്ലോ. ബോർഡ് ക്ഷേത്രങ്ങളിലെ ഭഗവാൻ തന്നെയാണല്ലോ കരക്കാരുടെയും ട്രസ്റ്റുകളുടെയും ക്ഷേത്രങ്ങളിലെ ഭഗവാനും. വഴിപാടുകൾ അവിടെയും ചെയ്യാം. ടിന്നിൽ അടച്ച പ്രസാദം അവിടെയും കിട്ടും. വിശ്വാസപരമായ കാര്യങ്ങളിൽ തികച്ചും മാതൃകാപരമായ നിലപാടാണ് ക്രിസ്തീയ, ഇസ്ലാം, സിഖ് സമുദായങ്ങൾ പിന്തുടരുന്നത്.
വിശ്വാസങ്ങളെ കുറിച്ചും വിശ്വാസികളുടെ താല്പര്യങ്ങളെ കുറിച്ചും അവരുടെ മതമേലധ്യക്ഷന്മാർക്കും അധികാരികൾക്കും ഉത്തമബോധ്യമുണ്ട്. അവരുടെ തീരുമാനങ്ങളിൽ അത് പ്രകടവുമാണ്. ഹിന്ദുക്കളിൽ അങ്ങനെ സർവ്വസമ്മതരായ ആരും ഇല്ലതാനും. ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും എന്നാണ് പ്രമാണം. ദൈവത്തിനുള്ളത് സീസറിന് കൊടുക്കേണ്ട കാര്യമില്ലല്ലോ. അഥവാ സീസറിന് കൊടുക്കണമെങ്കിൽ അത് ദൈവം വഴി കൊടുക്കണമെന്നും ഇല്ലല്ലോ.
https://www.facebook.com/Malayalivartha