നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ വെളിപ്പെടുത്തൽ; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി; കേസുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.കൊച്ചിയില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംവിധായകന്‍റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും അതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിന്നു.
കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിനാല്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിചാരണക്കോടതി മറുപടി പറഞ്ഞിട്ടില്ല.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്.
നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതില്‍ നേരത്തെ ക്രിമിനല്‍ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു. എന്നാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തില്‍ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് ആശങ്കാജനകമാണെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയോട് ഈ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha