അതിര്‍ത്തി ജില്ല നിശ്ചലം, കടകളെല്ലാം താഴിട്ട് പൂട്ടിയ നിലയിൽ, പട്ടണങ്ങളും തെരുവുകളുമെല്ലാം വിജനം, ഒമിക്രോൺ ഭീതിയിൽ കടുത്ത നിയന്ത്രണം

കൊവിഡ് കേസുകൾ അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അതിര്‍ത്തി ജില്ലയും നിശ്ചലാവസ്ഥയിലായിരുന്നു. സംസ്ഥാന അതിര്‍ത്തിയിലെ തേനി ജില്ലയിലെ പട്ടണങ്ങളും തെരുവുകളുമെല്ലാം ഞായറാഴ്ച നിശ്ചലമായിരുന്നു. പൊതുനിരത്തിൽ വാഹനങ്ങള്‍ ഓടിയിട്ടുമില്ല, കടകളെല്ലാം താഴിട്ട് പൂട്ടിയ നിലയിലും. ഞായറാഴ്ചകള്‍ ലോക്ഡൗണിലായതോടെ ശനിയാഴ്ച പതിവിലും അധികം തിരക്കാണ് മിക്ക ടൗണിലും അനുഭവപ്പെട്ടത്.
കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ച ആറുവരെയും ഞായറാഴ്ചകളിലുമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.
പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിച്ചില്ല. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തി കടന്നത് അവശ്യസര്‍വീസുകള്‍ മാത്രമാണ്. ചരക്കുവാഹനങ്ങള്‍, ആശുപത്രി ആവശ്യങ്ങള്‍, വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ എന്നിവരെ മാത്രമാണ് അതിര്‍ത്തി കടത്തിവിട്ടത്. സംസ്ഥാന അതിര്‍ത്തിയായ വാളയാര്‍ ചാവടിയില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന ദേശീയപാത ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ചാണ് തമിഴ്‌നാട് നിരീക്ഷണം കടുപ്പിച്ചത്. പകരം സര്‍വീസ് റോഡിലൂടെ മതിയായ രേഖകള്‍ പരിശോധിച്ച് അത്യാവശ്യ സര്‍വീസുകളെ മാത്രം കടത്തിവിട്ടു.
തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പ് അധികൃതരും പോലീസിനൊപ്പം പരിശോധന നടത്താനുണ്ടായിരുന്നു. അത്യാവശ്യമല്ലെന്ന് ബോധ്യപ്പെട്ടവരെയൊന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ മടക്കി വിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള റോഡില്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ചുരുക്കം യാത്രാവാഹനങ്ങള്‍ മാത്രമാണ് എത്തിയത്.
രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലേ നിലവില്‍ തമിഴ്‌നാട്ടിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
തിങ്കളാഴ്ച മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ ഡോ. ജി എസ് സമീരന്‍ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് മതിയായ രേഖകളില്ലാതെ എത്തുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞ് മടക്കി അയക്കും. വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്ക്‌പോസ്റ്റുകളിലും പരിശോധന സംവിധാനം ശക്തമാക്കും. ഊടുവഴികളിലൂടെ അതിര്‍ത്തി കടക്കുന്നവരെ നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.
കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉൾപ്പെടെ കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണം ദിവസവും ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്. വിട്ടുവീഴ്ചയില്ലാത്ത പരിശോധനയുണ്ടാകും.കേരളത്തില്‍ നിന്നെത്തുന്നവര്‍ 99 ശതമാനവും മതിയായ രേഖ കരുതുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരെ ഉറപ്പായും തിരിച്ചയ്ക്കും. ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും ക്ഷേത്രദര്‍ശനത്തിനും ഉള്‍പ്പെടെ തമിഴ്നാട്ടിലേക്ക് കടക്കുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ മറക്കരുതെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്തെത്തിയ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഗുരുവായൂർ-ചെന്നൈ എഗ്മൂർ, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രക്കാർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ട്രെയിനിൽ നിന്നാണോ ഇവർക്ക് ഒമിക്രോൺ പകർന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ട്രെയിനിലെ മറ്റു യാത്രക്കാർക്കും രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടു തന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha