ഇന്നത്തെ ദിവസം നിര്‍ണായകം... ദിലീപിനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസാന ദീവസമായതോടെ ഏറെ നിര്‍ണായകം; അന്വേഷണ സംഘം കോടതിയില്‍ നല്‍കുന്ന രഹസ്യ റിപ്പോര്‍ട്ട് ദിലീപിന്റെ ഭാവി നിര്‍ണയിക്കും; ഇന്ന് ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുക്കും

ദിലീപിനെ ചോദ്യം ചെയ്യാന്‍ ഇന്നും കൂടി മാത്രമേ ക്രൈംബ്രാഞ്ചിന് അനുമതിയുള്ളൂ. അതിനാല്‍ തന്നെ ഇന്നത്തെ ദിവസം ദിലീപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ഇന്നലെ ഒരുമിച്ചും ഒറ്റയ്ക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും വിശദമായി ചോദ്യം ചെയ്തു. പ്രതികളുടെ സമീപകാലത്തെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യല്‍.
ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചുവരുത്തി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെയും രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് 5 പ്രതികളെയും ചോദ്യം ചെയ്തത്.
ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിലീപും കൂട്ടുപ്രതികളും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഇന്നു ഹാജരാകുന്ന ബാലചന്ദ്രകുമാറിനോടു തന്നെ ഈ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം തേടും.
അതേസമയം ദിലീപിന് കുരുക്കായി പള്‍സര്‍ സുനിയും അമ്മ ശോഭന രംഗത്തെത്തി. ദിലീപ് ആവശ്യപ്പെട്ടിട്ടാണു മകന്‍ എല്ലാം ചെയ്തതെന്നു ശോഭന പറഞ്ഞു. ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു ശോഭന. മജിസ്‌ട്രേട്ട് ആനി വര്‍ഗീസ് മൊഴി രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലില്‍ സുനിയെ സന്ദര്‍ശിച്ച ശേഷമാണു ശോഭന മൊഴി നല്‍കാന്‍ എത്തിയത്.
സിനിമാക്കഥ പോലെയാണു സംഭവങ്ങള്‍. അഭിനയിച്ചു തഴക്കമുള്ളവരാണ് ഇതില്‍ പലരും. എനിക്കും സുനിക്കും അഭിനയിക്കാന്‍ അറിയില്ല. സുനി ജയിലില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. ജീവാപായം സംഭവിക്കുമോ എന്നാണ് ആശങ്ക. ബാലചന്ദ്രകുമാറിനെ പോലെ സത്യം പുറത്തു പറയാന്‍ പലരും തയാറാണെങ്കിലും ഭീഷണിയും ആക്രമണവും ഭയന്നാണു പുറത്തു വിടാത്തതെന്നും ശോഭന പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും വീടുകളില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. പീഡനക്കേസിന്റെ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം ദിലീപും കൂട്ടുപ്രതികളും നടത്തിയ ചില സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള ചോദ്യം ചെയ്യലും ഇന്നലെ നടന്നു.
ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യത്തില്‍ വിചാരണക്കോടതി സമീപിച്ചാല്‍ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ജഡ്ജി എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കപ്പെടേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി ദിലീപിനു വേണ്ടി ഹാജരായ മുകുള്‍ റോഹത്ഗിയുടെ അഭിപ്രായം തേടി. പല രീതിയില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം വിചാരണ നീട്ടുന്നതിനെ എതിര്‍ത്തു.
" f
https://www.facebook.com/Malayalivartha



























