മറയൂരില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

മറയൂര്‍ പള്ളനാട് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പള്ളനാട് മംഗളപാറ സ്വദേശി ദുരൈ രാജ്(62) ആണ് ദാരുണമായി മരിച്ചത്.
മംഗളം പാറ ഭാഗത്ത് കൃഷിപ്പണി കഴിഞ്ഞ് തിരികെവന്ന തൊഴിലാളികളാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് ദുരൈരാജിന്റെ മൃതദേഹം മംഗളം പാറയിലേക്ക് പോകുന്ന വഴിയില്‍ കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് സമീപത്ത് മാറി ചെരുപ്പും ചോറും പൊതിയും തോര്‍ത്തും കിടക്കുകയായിരുന്നു.
രാവിലെ മറയൂരിലെത്തിയ ദുരൈ രാജ് മറയൂര്‍ ടൗണിലെ ഹോട്ടലില്‍നിന്നും ഉച്ചഭക്ഷണം വാങ്ങി മംഗളം പാറയിലുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ പൗര്‍ണമിയും മകന്‍ അരവിന്ദനും ഉദുമല്‍പേട്ടയിലാണ് താമസിക്കുന്നത്.
മംഗളം പാറയ്ക്ക് പോകുന്ന ഒറ്റയടി പാതയില്‍ കല്ലറക്കല്‍ ജോസ് മാത്യൂവിന്റെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ചെവിയില്‍ കൂടി രക്തം ഒഴുകിയ നിലയിലാണ്. മറയൂര്‍ എസ്.ഐ. അശോക് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടിയെടുത്തു.
https://www.facebook.com/Malayalivartha

























