കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍...കേസിലെ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി തസ്മി ബീബിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വയം കേസെടുക്കുകയായിരുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും. കൊല്ലപ്പെട്ട യുവതിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടോയോ എന്ന് പരിശോധിക്കും. കൂടാതെ ആരോഗ്യവകുപ്പിന്റെ സാങ്കേതിക അന്വേഷണവും നടക്കും.
അതേസമയം, കേസിലെ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി തസ്മി ബീബി (32)യുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എന്നാല്‍ യുവതിയെ ഇവിടെ നിന്ന് കൊണ്ടുപോകാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല.
യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ അനുമതിയോട് കൂടി മാത്രമെ ഇക്കാര്യങ്ങളില്‍ പോലീസിന് നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ടിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞദിവസം സെല്ലില്‍ വച്ച് തസ്മി ബീബിയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ജിയറാം കൊല്ലപ്പെട്ടത്. മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. ബുധനാഴ്ച വൈകിട്ട് മുതല്‍ ഈ സെല്ലില്‍നിന്ന് ബഹളം കേട്ടിരുന്നു. അത് കഴിഞ്ഞ് രാത്രി 7.30-നും 7.45-നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയ വിവരം.
ഇതേ സമയത്താണ് ജീവനക്കാര്‍ രാത്രി ഭക്ഷണവുമായി സെല്ലില്‍ എത്തുന്നത്. അപ്പോള്‍ ജിയറാം ജിലോട്ട് സെല്ലില്‍ വീണുകിടക്കുകയായിരുന്നു.ഇവരുടെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം ഒഴുകുന്ന നിലയിലുമായിരുന്നു. ഈ രക്തമെടുത്ത് തസ്മി ബീബി മുഖത്ത് തേച്ചു. ഇതുകണ്ട, ഭക്ഷണവുമായി എത്തിയ ജീവനക്കാര്‍ ധരിച്ചത് തസ്മിക്കാണ് പരുക്കേറ്റതെന്നാണ്. ഇവരുമായി ജീവനക്കാര്‍ ഡോക്ടറുടെ അടുത്തേക്ക് പോയി.
അതേസമയം ജിയറാമിനെ ആരും ശ്രദ്ധിച്ചതുമില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഒന്നിലും ഇടപെടാതെ സെല്ലിലെ മൂന്നാമത്തെ യുവതി മാറി നില്‍ക്കുകയായിരുന്നു. ബലപ്രയോഗവും അടിപിടിയും നടന്നിട്ടും രണ്ടുപേര്‍ക്കും പരിക്ക് പറ്റിയോ എന്ന കാര്യം ജീവനക്കാര്‍ ശ്രദ്ധിച്ചതേയില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.വ്യാഴാഴ്ച പുലര്‍ച്ചെ 5.45-ന് ജിയറാം ജിലോട്ട് ഉണരാതിരുന്നതോടെ ജീവനക്കാര്‍ എത്തി വിളിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിഞ്ഞത്.
https://www.facebook.com/Malayalivartha