ഞെട്ടലോടെ പഞ്ചാബ്... കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ആരോപണ വിധേയനായ നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു; ഹരിയാനയിലെ എക്‌സ്പ്രസ്‌വേയില്‍ രാത്രിയിലായിരുന്നു അപകടം

പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു (37) രാജ്യം മുഴുവന്‍ അറിഞ്ഞത് കര്‍ഷക പ്രക്ഷോഭത്തോടെയായിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞവര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ആരോപണ വിധേയനായിരുന്നു, അറസ്റ്റിലുമായി.
അങ്ങനെ ദേശീയ ശ്രദ്ധ നേടിയ ദീപ് സിദ്ദു ഹരിയാനയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഡല്‍ഹിയില്‍നിന്നു പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്കു കാറില്‍ പോകവേ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണു ദീപ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. കുണ്ഡ്‌ലി- മനേസര്‍-പല്‍വാല്‍ (കെഎംപി) എക്‌സ്പ്രസ്‌വേയില്‍ രാത്രി ഒന്‍പതരയോടെ ആയിരുന്നു അപകടം.
2021ലെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് ദീപ്. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷക സമരത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ സിംഘു അതിര്‍ത്തിക്കു സമീപം സോനിപത്തിലെ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സിദ്ദു ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയാണു മരിച്ചതെന്നാണു വിവരം.
സിദ്ദുവിന്റെ മരണം പഞ്ചാബിനെ ഞെട്ടിച്ചിട്ടുണ്ട്. 1984ല്‍ പഞ്ചാബിലെ മുക്‌സര്‍ ജില്ലയില്‍ ജനിച്ച ദീപ് സിദ്ദു നിയമബിരുദധാരിയാണ്. ദീപിന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നത് 2015ലാണ്. നടന്‍ ധര്‍മേന്ദ്ര നിര്‍മിച്ച 'റമ്ത ജോഗി' എന്ന പഞ്ചാബി ചിത്രത്തില്‍ അഭിനയിച്ചായിരുന്നു രംഗപ്രവേശം. മോഡലിങ് രംഗത്തും ഏറെ ശ്രദ്ധേയനായി. 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗുണ്ടാ നേതാവിന്റെ വേഷത്തിലൂടെയാണു ശ്രദ്ധേയനാകുന്നത്. 'ജോ ദ് സെക്കന്‍ഡ് ചാപ്റ്ററി'ലാണ് അവസാനം അഭിനയിച്ചത്.
കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നില്‍ ദീപ് സിദ്ദുവിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ടായിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തുതന്നെ ആദ്യമായി കര്‍ഷകര്‍ക്കു പിന്തുണയുമായി രംഗത്തെത്തിയ സെലിബ്രിറ്റിയായിരുന്നു ദീപ്. കര്‍ഷകസമരം സിംഘു അതിര്‍ത്തിയിലേക്ക് എത്തുന്നതിനു മുന്‍പേ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്കു പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ സിദ്ദു മുന്‍കൈ എടുത്തിരുന്നു. ഈ പ്രദേശങ്ങളില്‍ നടന്ന സമരങ്ങളിലാണു ഖലിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ആരോപണം ബിജെപിയും ആര്‍എസ്എസും മറ്റു പോഷക സംഘടനകളും ആദ്യമായി ഉയര്‍ത്തിയത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ മത്സരിച്ച ബിജെപി നേതാവും അഭിനേതാവുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ ദീപ് ഭാഗമായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതില്‍ ഖേദം പ്രകടിപ്പിച്ച സണ്ണി, തനിക്കോ കുടുംബത്തിനോ ദീപുമായി യാതൊരു ബന്ധവും ഇല്ലെന്നാണു പ്രതികരിച്ചത്. അക്രമമുണ്ടാക്കുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് സിദ്ദു ചെങ്കോട്ടയില്‍ 2021 ലെ റിപ്പബ്ലിക് ദിനത്തില്‍ അതിക്രമം നടത്തിയതെന്നാണു പൊലീസ് പറഞ്ഞത്.
ചെങ്കോട്ട സംഭവത്തിലെ പ്രധാന പ്രേരകശക്തി ദീപ് സിദ്ദുവാണെന്നും ആളുകളെ പ്രകോപിപ്പിച്ച് അക്രമത്തിനു പ്രേരിപ്പിച്ചെന്നും പൊലീസ് ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. വാളും വടികളും കൊടികളുമായി സിദ്ദുവിനെ ഒരു വിഡിയോയില്‍ കണ്ടതായും പൊലീസ് പറഞ്ഞു. ചെങ്കോട്ട അക്രമത്തിനു പിന്നില്‍ ബിജെപി ബന്ധമുണ്ടെന്നു കാട്ടാന്‍ സണ്ണി ഡിയോളും നരേന്ദ്ര മോദിയുമൊത്തുള്ള സിദ്ദുവിന്റെ ചിത്രങ്ങള്‍ കര്‍ഷക സംഘടനകള്‍ പുറത്തുവിട്ടെങ്കിലും സിദ്ദു ആരോപണം തള്ളിക്കളഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha