2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ ക്രൂരതയ്ക്ക് നാളെ അഞ്ച് വർഷം! ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണം കൂടെ മാധ്യമ വിചാരണ വിലക്കണം.. ദിലീപ് ഇന്ന് കോടതിയിലേക്ക്...

നടി ആക്രമിക്കപ്പെട്ടിട്ട് നാളെ അഞ്ച് വർഷം പൂർത്തിയാകുകയാണ്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും.
എന്നാൽ കേസിലെ സമയപരിധി നീട്ടണമെന്നുള്ള ഹർജിയും പരിഗണയിലാണ്. എന്നാൽ കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടന്റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണമെന്നും, ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെയുള്ള മാധ്യമ വിചാരണ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാദ്ധ്യമ സ്ഥാപനങ്ങൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി സർക്കാർ റിപ്പോർട്ട് നൽകും. ദിലീപിന്റെ വാദം നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
കൂടാതെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പറ്റിയ തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം.
ഈ കേസിൽ ദിലീപടക്കമുള്ള അഞ്ച് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha