പുടിന്‍ തോല്‍വി മണക്കുന്നു... പെട്ടന്ന് വിജയം നേടാമെന്നുറച്ച് യുക്രെയ്ന്‍ യുദ്ധത്തിനിറങ്ങിയ റഷ്യയ്ക്ക് അടി പതറുന്നു; 14,700 സൈനികര്‍ ഉള്‍പ്പെടെ റഷ്യയുട വന്‍ സൈനിക സന്നാഹങ്ങളും നഷ്ടപ്പെടുന്നു; യുക്രെയിന്റെ പിടിച്ചുനില്‍പ്പില്‍ റഷ്യ പതറുന്നു

വളരെ പെട്ടന്ന് വിജയം നേടാമെന്നുറച്ചാണ് യുക്രെയ്‌ന് മേല്‍ റഷ്യ യുദ്ധത്തിനിറങ്ങിയത്. എന്നാല്‍ തോല്‍വി മണക്കുന്ന കാഴ്ചയാണ് റഷ്യ കാണുന്നത്. കരയില്‍ മാത്രമല്ല ആകാശത്തും മേല്‍ക്കൈ നേടാനാകാതെ റഷ്യ വഴിമുട്ടിനില്‍ക്കുകയാണെന്നാണു വിലയിരുത്തല്‍.
റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം. ഇതിനു പുറമേ, റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായും വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. റഷ്യന്‍ സേനയ്ക്ക് കൂടുതല്‍ മുന്നേറാന്‍ മതിയായ പോരാട്ടവീര്യം ഇല്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്‌റ്റോവിച്ച് പറഞ്ഞു.
ഹൈപ്പര്‍സോണിക് മിസൈലുകള്‍ വരെ ഉപയോഗിച്ചുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനും ഇതാണു കാരണമായി പറയുന്നത്. 10 വര്‍ഷം നീണ്ട അഫ്ഗാന്‍ അധിനിവേശകാലത്തു പോലും മൊത്തം 15,000 സോവിയറ്റ് സൈനികര്‍ മാത്രമാണു കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ ഈമാസം രണ്ടുവരെയായി 500 മരണമാണു റഷ്യ സ്ഥിരീകരിച്ചിട്ടുള്ളത്. യുദ്ധമുഖത്തെ 20 ജനറല്‍മാരില്‍ 4 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മൈക്കലേവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ റോക്കറ്റാക്രമണത്തില്‍ 40 യുക്രെയ്ന്‍ നാവികര്‍ കൊല്ലപ്പെട്ടു. യുക്രെയ്ന്‍ സേന നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. അയല്‍രാജ്യമായ സ്ലൊവാക്യയില്‍ 'നാറ്റോ' സേന പേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചു തുടങ്ങി.
റഷ്യന്‍ ബന്ധം ആരോപിച്ചു യുക്രെയ്‌നിലെ 11 പാര്‍ട്ടികളെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിലക്കി. 450 അംഗ പാര്‍ലമെന്റില്‍ 44 സീറ്റുള്ള പാര്‍ട്ടിയും ഇതിലുള്‍പ്പെടുന്നു. യുദ്ധനിയമപ്രകാരം രാജ്യത്തെ ടിവി ചാനലുകളെയെല്ലാം ചേര്‍ത്ത് ഒറ്റ പ്ലാറ്റ്‌ഫോമാക്കാനും ഉത്തരവിട്ടു.
അതേസമയം, റഷ്യയില്‍ യുദ്ധത്തെ എതിര്‍ക്കുന്ന ചിലര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ടുണ്ട്. യുദ്ധവിരുദ്ധ പ്രകടനങ്ങളുടെ പേരില്‍ ആയിരങ്ങളാണ് നാലാഴ്ചയ്ക്കിടെ അറസ്റ്റിലായത്.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം നാലാമത്തെ ആഴ്ചയിലെത്തി. ഞായറാഴ്ച 400ലധികം പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്‌കൂള്‍ കെട്ടിടം റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഇതിനകം പത്ത് ദശലക്ഷത്തോളം പേര്‍ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. യുക്രെയ്ന്‍ ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതലാണിത്.
തന്ത്രപ്രധാന നീക്കങ്ങളിലൂടെ റഷ്യയ്‌ക്കെതിരെ പ്രതിരോധംതീര്‍ക്കുകയാണ് യുക്രെയ്ന്‍ സേന. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങള്‍ യുക്രെയ്ന്‍ സേന വെടിവച്ചിട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ യുക്രെയ്‌നിന്റെ വ്യോമപരിധിയില്‍ റഷ്യയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യ യുക്രെയ്ന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ ആക്രണം ശക്തമാകുകയാണ്. ഇതിനിടെ യുക്രെയ്ന്‍ റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പ് തന്നെ നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ തലമുറകളോളം രാജ്യം അനുഭവിക്കുമെന്നാണ് യുക്രെയ്ന്‍ മേധാവി പറഞ്ഞത്. അര്‍ഥവത്തായ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പ്രതിജ്ഞാബദ്ധരാകാനും യുക്രെയ്‌നിലെ അധിനിവേശം അവസാനിപ്പിക്കാനും സെലെന്‍സ്‌കി പുട്ടിനോട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha