തോൽവി ദൗർഭാഗ്യകരം; എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കും; ഐഎസ്എൽ കിരീടം അവസാന നിമിഷം നഷ്ടപ്പെട്ടു പോയ ബ്ലാസ്റ്റേഴ്‌സിനെ ആശ്വസിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി

ഐഎസ്എൽ കിരീടം അവസാന നിമിഷം നഷ്ടപ്പെട്ടു പോയ ബ്ലാസ്റ്റേഴ്‌സിനെ ആശ്വസിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. മത്സരം അവസാനിച്ചപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു സുരേഷ് ഗോപി ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
തോൽവിയെ ദൗർഭാഗ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല കളി, വലിയ വെല്ലുവിളി കാത്തിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആവേശം നിലനിർത്തുക എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
എന്നും യെല്ലോ, കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരം ടീമിനുളള സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഉൾപ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്ക് ഇത് റീട്വീറ്റ് ചെയ്തു. ബ്ലാസ്റ്റേഴ്‌സിന് വിജയാശംസ നേർന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടെ മലയാള സിനിമയിലെ മിക്ക താരങ്ങളും രംഗത്തെത്തി.
കന്നി കിരീടം നഷ്ടമായതിന്റെ വേദനയിലാണ് ടീമിന്റെ ആരാധകർ. എന്നാൽ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ഏറെ മികവുറ്റതായിരുന്നുവെന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. അതുകൊണ്ടു തന്നെ തോൽവിയിലും ടീമിനെ ഇവർ കൈ വിട്ടിട്ടില്ല. ആവേശഭരിതമായ കളിയാണ് നടന്നത്.
68 മിനിറ്റ് പിടിച്ചുനിന്നു, പിന്നീടുള്ള 20 മിനിറ്റ് കൊതിപ്പിക്കുകയായിരുന്നു . മത്സരം അവസാനിക്കാന്‍ 2 മിനിറ്റ് മാത്രം ശേഷിക്കെ വഴങ്ങിയ അപ്രതീക്ഷിത ഗോളിനു ശേഷവും തളരാതെ പൊരുതി. എക്‌സ്ട്രാ ടൈമിലെ ചടുലമായ നീക്കങ്ങളിലൂടെ നെഞ്ചിടിപ്പേറ്റി. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനു മുന്നില്‍ തലകുനിക്കുകയായിരുന്നു.
വീരോചിത പോരാട്ടത്തിനൊടുവില്‍ മൂന്നാം വട്ടവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മടക്കം ഐഎസ്എല്‍ റണ്ണര്‍ അപ്പുകളായി. കന്നി കിരീടവുമായി ഹൈദരാബാദിനു നാട്ടിലേക്കു മടങ്ങി വല്ലാത്തൊരു ഫലമായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 സമനിലയില്‍ അവസാനിച്ച മത്സരത്തിന്റെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3–1നാണു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.
ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പി. മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്‌സന്‍ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കാണാനായത്.
68–ാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റിയൂട്ട് താരം സാഹില്‍ തവോറ (88') ഹൈദരാബാദിനായി ഗോള്‍ മടക്കി. പന്തടക്കത്തിലും, പാസിങ്ങിലും അവസരങ്ങള്‍ ഒരുക്കുന്നതിലും മികച്ചു നിന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ഷോട്ട് മത്സരത്തിനിടെ 2 തവണയാണ് ക്രോസ് ബാറിലിടിച്ചത്.
ആദ്യ പകുതിയില്‍ ആല്‍വാരാ വാസ്‌കസിന്റെ ബുള്ളറ്റ് ഷോട്ടാണു ക്രോസ്ബാറിലിടിച്ചു മടങ്ങിയതെങ്കില്‍, എക്‌സ്ടാ ടൈമിന്റെ ആദ്യ പകുതിയില്‍ ബോക്‌സിനുള്ളിലേക്ക് അഡ്രിയന്‍ ലൂണ തിരിച്ചുവിട്ട പന്തില്‍ ജീക്‌സന്‍ സിങ്ങിന്റെ ഹെഡറാണു പോസ്റ്റില്‍ തട്ടിത്തെറിച്ചത്.
https://www.facebook.com/Malayalivartha