കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റ് വളപ്പില്‍ പ്രതിഷേധ സര്‍വ്വേക്കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ സമരം 'വിജയിപ്പിച്ചത്' പൊലീസിന്റെ അതിബുദ്ധി; കളക്ട്രേറ്റിന് മീറ്ററുകള്‍ക്ക് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പ്രതിഷേധക്കാരെ തടയാമെന്ന പൊലീസിന്റെ തന്ത്രം പാളിയതാണ് 'വിജയത്തിലേക്ക്' എത്തിച്ചത്

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റ് വളപ്പില്‍ പ്രതിഷേധ സര്‍വ്വേക്കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ സമരം 'വിജയിപ്പിച്ചത്' പൊലീസിന്റെ അതിബുദ്ധി. കളക്ട്രേറ്റിന് മീറ്ററുകള്‍ക്ക് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പ്രതിഷേധക്കാരെ തടയാമെന്ന പൊലീസിന്റെ തന്ത്രം പാളിയതാണ് 'വിജയത്തിലേക്ക്' എത്തിയത്.
രാവിലെ 10 മണിയോടെ യൂത്ത് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊലീസ് കളക്ട്രേറ്റിന് മീറ്ററുകള്‍ അകലെ തടിമില്ലിന് മുന്നിലായി ബാരിക്കേഡ് ഉയര്‍ത്തിയിരുന്നു. ഈ ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് വളപ്പിലേക്ക് എത്തില്ലെന്നായിരുന്നു പൊലീസിന്റെ കണക്ക്കൂട്ടല്‍.
എന്നാല്‍, പൊലീസിന്റെ തന്ത്രങ്ങളെല്ലാം തെറ്റിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റൊരു വഴിയിലൂടെ കളക്ട്രേറ്റ് എത്തിയതാണ് സമരം വിജയത്തിലേക്കെത്താന്‍ കാരണമായത്. മറ്റൊരു വഴിയിലൂടെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യമെത്തിയത് ലോഗോസ് ജംഗ്ഷനില്‍ ആയിരുന്നു. ഇവിടെ എത്തിയ പ്രവര്‍ത്തകര്‍ കോടതി ഗെയിറ്റിലൂടെ ഉള്ളില്‍ കടക്കുമെന്ന് കരുതി സുരക്ഷ ഒരുക്കിയ പൊലീസിന്റെ കണക്ക്കൂട്ടര്‍ തെറ്റിച്ച് കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിലേക്കാണ് പ്രവര്‍ത്തകര്‍ നീങ്ങിയത്.
ഈ സമയംകൊണ്ട്, പൊലീസ് പ്രധാന ഗേറ്റ് അടച്ചെങ്കിലും കെകെ റോഡിലൂടെ ജില്ലാ പഞ്ചായത്തിന്റെ ഗേറ്റിലേക്കാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനിടെ ഒന്ന് രണ്ട് പ്രവര്‍ത്തകര്‍ മതില്‍ച്ചാടി കടന്ന് സര്‍വ്വേക്കല്ല് സ്ഥാപിക്കുകയും ചെയതു. ഇത് അക്ഷരാര്‍ത്ഥത്തില്‍ പൊലീസിന് നാണക്കേടായി മാറി.
സംഭവത്തില്‍ കളക്ട്രേറ്റ് വളപ്പില്‍ അതിക്രമിച്ച് കയറിയതിന് കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായ സാഹചര്യത്തില്‍ അന്വേഷണം ഉണ്ടായേക്കും.
https://www.facebook.com/Malayalivartha