കെഎസ്ആര്‍ടിസി നാളെ മുതല്‍ കൂടുതല്‍ സര്‍വ്വീസുകള്‍... സ്വകാര്യ ബസ് സമരത്തിനെ പ്രതിരോധിക്കാനാണ് പുതിയ നടപടി

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കേ സമരത്തെ പ്രതിരോധിക്കുവാന്‍ കെഎസ്ആര്‍ടിസി രംഗത്തിറങ്ങും. നാളെ മുതല്‍ അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. നവംബറില്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. പത്തു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ നാലരമാസക്കാലമായിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബസ് കോഡിനേഷന്‍ കമ്മിറ്റി നേതാവ് ടി ഗോപിനാഥ് വ്യക്തമാക്കി.
കഴിഞ്ഞ തവണ മന്ത്രിയെ കണ്ടപ്പോള്‍ ബസ് ചാര്‍ജ് വര്‍ധനയില്‍ ഇടതുമുന്നണി തീരുമാനമെടുത്തു കഴിഞ്ഞുവെന്നും ഉടനടി വര്‍ധനയുണ്ടാകുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ ഉത്തരവുണ്ടായില്ല. 62 രൂപ ഡീസലിന് വിലയുള്ളപ്പോള്‍ നിശ്ചയിച്ച മിനിമം നിരക്ക് എട്ടു രൂപയിലാണ്, ഇന്നിപ്പോള്‍ 95 രൂപ ഡീസലിന് വിലയുള്ളപ്പോഴും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
അതേസമയം, സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാമെന്ന് കരുതണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. അതിനാല്‍ സമരവുമായി മുന്നോട്ടുപോകുന്നത് മനസ്സിലാകുന്നില്ല. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പണിമുടക്കുമായി മുന്നോട്ട് പോയാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha