ഞാന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല... ഏതെങ്കിലും ഒരു സംഘടനയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ല! ദിലീപ് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ദുഷ്ടനാണ്; വലിയ ശിക്ഷ അര്‍ഹിക്കുന്നുവെന്ന് ഗായത്രി സുരേഷ്

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടി ഗായത്രി സുരേഷ് നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്. കേസില്‍ അതീജിവിതയ്‌ക്കൊപ്പമാണ് ഞാന്‍. ഒരു കേസിലും പരസ്യമായി പ്രതികരിക്കാറില്ല. അതിജീവിതയുമായി ഞാന്‍ വ്യക്തിപരമായി സന്ദേശം അയക്കാറുണ്ട്. ഡബ്ല്യുസിസി നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണെന്നും ഗായത്രി സുരേഷ് പറഞ്ഞു. ഞാന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. ഏതെങ്കിലും ഒരു സംഘടനയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ല. രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനം നല്ലതാണ്. ദിലീപ് കുറ്റം ചെയ്‌തോന്ന് എനിക്കറിയില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് കാണുന്നത്. ചെയ്‌തെന്ന് തെളിഞ്ഞാല്‍ ദുഷ്ടനാണ്. വലിയ ശിക്ഷ അര്‍ഹിക്കുന്നുവെന്നും ഗായത്രി സുരേഷ് പറഞ്ഞു. കാറപകടത്തിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ ഹിറ്റാകാന്‍ തുടങ്ങിയത്. കാഴ്ചക്കാര്‍ കൂടി. ചെയ്യുന്ന കാര്യങ്ങള്‍ ട്രോള്‍ ആവാനും തുടങ്ങി. ട്രോളുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വീഡിയോയും ചെയ്തിരുന്നു. മുഖ്യമന്ത്രിയില്‍ നിന്ന് പ്രതികരണം ലഭിച്ചില്ല. അദ്ദേഹത്തിന് മറ്റു തിരക്കുകള്‍ ഒരുപാടുണ്ടാകുമെന്നും തന്റെ കാര്യം നോക്കിയിരിക്കുകയല്ലെന്നും ഗായത്രി സുരേഷ് പറഞ്ഞു.
2017ലാണ് നടി ആക്രമിക്കപ്പെട്ടത്. മാസങ്ങള്‍ക്ക് ശേഷം ദിലീപ് കേസില്‍ അറസ്റ്റിലായി. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വിചാരണ അന്തിമഘട്ടത്തിലായിരുന്നു. ഈ വേളയിലാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഗുരുതരമായ വെളിപ്പെടുത്തലുണ്ടായതോടെ ദിലീപിനെതിരെ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു അന്വേഷണമാണിപ്പോള്‍ നടന്‍ ദിലീപിനെതിരെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവും അന്വേഷണ സംഘങ്ങളെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലെ അന്വേഷണവും. വധ ഗൂഢാലോചന കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കൃത്യമായ തെളിവ് സമര്‍പ്പിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന വിലയിരുത്തലുമുണ്ടായി.
തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കി വിധി പറയണം, വധ ഗൂഢാലോചന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ദിലീപ് ഉന്നയിക്കുന്നു. തന്നെയും കുടുംബത്തെയും ബോധപൂര്‍വം കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വാദിക്കുന്നു. കുടുംബത്തിലെ മറ്റുള്ളവരെയും പ്രതി ചേര്‍ത്ത കാര്യവും ഒരുവേളയില്‍ ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വധഗൂഢാലോചന കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുകയാണ് ക്രൈംബ്രാഞ്ച്. വ്യാഴാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ട് നോടീസ് നല്‍കിയിരുന്നു. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് മറ്റൊരു സംസ്ഥാനത്തേക്ക് പോകാന്‍ തീരുമാനിച്ചതിനാല്‍ ഹാജരാകാന്‍ പ്രയാസമുണ്ടെന്ന് ദിലീപ് അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് അടുത്ത തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പോലീസ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയിലെയും സമര്‍പ്പിച്ച ശബ്ദരേഖാ തെളിവിലും വ്യക്തത വരുത്തുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതുപ്രകാരം ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു പ്രമുഖ നടിയില്‍ നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചു എന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha