ചങ്ക് തകര്‍ന്ന് വിടുവിട്ടു... നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങി; അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ ഇമ്രാന്‍ പുറത്ത്; അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു

പാകിസ്ഥാനില്‍ ഇന്നലെ ഉറക്കമില്ലാ രാത്രിയായിരുന്നു. രാഷ്ട്രീയ നാടകം അര്‍ദ്ധരാത്രി കഴിഞ്ഞും നീണ്ടുനിന്നു. അവസാനം അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (69) പുറത്തായി. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് നാഷനല്‍ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെത്തുടര്‍ന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇമ്രാന്റെ കസേര തെറിപ്പിക്കുന്നതിനായി പ്രതിപക്ഷം നടത്തിയ ചരടുവലികളുടെ വിജയമാണ് ഞായറാഴ്ച പുലര്‍ച്ചെ പാക് ജനത കണ്ടത്. ശനിയാഴ്ച രാവിലെ 10. 30ന് ആരംഭിച്ച ദേശീയ അസംബ്ലി സമ്മേളനം പലതവണ നിര്‍ത്തിവെച്ചു. ഈ സമ്മേളനത്തിലേക്ക് ഇമ്രാന്‍ ഖാന്‍ എത്തിയിരുന്നില്ല. എന്നാല്‍ അര്‍ധ രാത്രി 12 ന് ശേഷം അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം വന്നതോടെ പാക് രാഷ്ട്രീയം വീണ്ടും ചൂട് പിടിച്ചു.
തുടര്‍ന്ന് ദേശീയ അസംബ്ലിയിലേക്ക് ഇമ്രാന്‍ ഖാന്‍ എത്തുകയുണ്ടായി. വന്‍ സൈനിക വ്യൂഹമാണ് പാക് ദേശീയ അസംബ്ലിക്ക് മുമ്പില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അവിശ്വാസത്തെ അട്ടിമറിച്ച് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള എല്ലാ അടവുകളും ഇമ്രാന്‍ ഖാന്‍ പയറ്റി നോക്കിയിരുന്നു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവച്ചു. ഇതോടെ ഇമ്രാന്‍ സര്‍ക്കാരിന്റെ പതനം തീര്‍ച്ചയാവുകയായിരുന്നു. ഇവരുടെ അസാന്നിധ്യത്തില്‍ വോട്ടെടുപ്പ് നടത്താന്‍ കഴിയില്ലെന്നും, അവിശ്വാസ വോട്ടെടുപ്പ് ഇനിയും നീളുമെന്ന അഭ്യൂഹങ്ങളുമുയര്‍ന്നു. സ്പീക്കര്‍ പദവി പ്രതിപക്ഷത്തില്‍ നിന്നുളള അയാ സാദിഖിന് നല്‍കിയതോടെ വീണ്ടും വോട്ടെടുപ്പിന് സാധ്യതയേറി.
ഇമ്രാനെ ക്ലീ ബൗള്‍ഡാക്കാന്‍ ഇറങ്ങിയ പ്രതിപക്ഷത്തിനൊപ്പം കോടതിയും ഒപ്പം ചേര്‍ന്നു. രാത്രി 12:35 ന് ശേഷമാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ നിന്ന് ഭരണകക്ഷിയംഗങ്ങള്‍ വിട്ടു നിന്നു. ഇമ്രാന്‍ ഖാനെ രാജ്യം വിട്ട് പുറത്തുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി സമര്‍പ്പിച്ചതായുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അങ്ങനെ പ്രതിപക്ഷത്തിന്റെ നീക്കം വിജയിച്ചു. പ്രതിപക്ഷ നേതാക്കളായ ഷഹബാസ് ഷെരീഫ്, ആസിഫ് അലി സര്‍ദാരി, ബിലാവല്‍ ഭൂട്ടോ സര്‍ദാരി, മൗലാന ഫസലുല്‍ റഹ്മാന്‍ എന്നിവരാണ് ഇമ്രാനെ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ നിന്ന് കരുക്കള്‍ നീക്കിയത്. ഇമ്രാന്‍ ഖാന്റെ പേരില്‍ സാമ്പത്തിക ദുരുപയോഗം ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ)ന് ചുറ്റും ഖാന്‍ കെട്ടിപ്പടുത്ത ദുര്‍ബലമായ സഖ്യവും ഇമ്രാന്റെ പരാജയത്തിന് മുഖ്യഘടകമാണ്.
കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് ഇമ്രാന്റെ ഭരണം താഴെയിറക്കാനുളള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ ശക്തമാക്കിയത്. ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുളള വോട്ടെടുപ്പ് നടത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ ഖസൂരി അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു. അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ ഖസൂരി പറഞ്ഞത്. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാനാകില്ല. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞിരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ട സംഭവത്തില്‍ പാക് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയാണുണ്ടായത്. 2018ലാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്. പാകിസ്താന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.
"
https://www.facebook.com/Malayalivartha