സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികള്‍ മരിച്ചു

പാലക്കാട് പൊല്‍പ്പുള്ളിയില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കള്‍ക്കും പൊള്ളലേറ്റ സംഭവത്തില്‍ 2 കുട്ടികള്‍ മരിച്ചു. പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്റെ മക്കളായ ആല്‍ഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. അപകടത്തില്‍ കുട്ടികളുടെ മാതാവായ എല്‍സി (37), മൂത്ത മകള്‍ അലീന (10), മുത്തശ്ശി ഡെയ്‌സി (65) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.അസുഖബാധിതയായിരുന്ന എല്‍സി ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളത്തെ അവധിക്കു ശേഷം വ്യാഴാഴ്ച ജോലിയില്‍ പ്രവേശിച്ചതേയുള്ളൂ.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലികഴിഞ്ഞു കാറില്‍ വീട്ടിലെത്തിയ ശേഷം പുറത്തുപോകാനായി മക്കളുമായി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍ഭാഗത്തു നിന്നു തീപടരുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ആളുകളെത്തുമ്പോള്‍ പൊള്ളലേറ്റ കുട്ടികളെ കാറിനു പുറത്തെത്തിച്ചു നിലത്തു കിടത്തിയ നിലയിലായിരുന്നു. എല്‍സിയുടെ ശരീരത്തില്‍ തീ പടര്‍ന്നുപിടിച്ചിരുന്നെന്നും സമീപവാസികള്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുത്തശ്ശിക്കു പൊള്ളലേറ്റത്. മുത്തശ്ശിയുടെ പരുക്ക് സാരമുള്ളതല്ല.
തീ ആളിക്കത്തുന്നതിനിടെ ഡോര്‍ ലോക്കായി നാലുപേരും കുടുങ്ങിയതായാണു വിവരം. പിന്നിലിരുന്ന ഇളയ കുട്ടികള്‍ക്കാണു ഗുരുതരമായി പൊള്ളലേറ്റത്. ആല്‍ഫ്രഡിന് 75 ശതമാനവും എമിലീനയ്ക്ക് 65 ശതമാനവും പൊള്ളലേറ്റിരുന്നു. നാട്ടുകാര്‍ വെള്ളം പമ്പ് ചെയ്താണു തീയണച്ചത്. പൊള്ളലേറ്റവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ഗുരുതര പൊള്ളലേറ്റ എല്‍സി, ആല്‍ഫ്രഡ്, എമിലീന എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാല്‍ അപകട സ്ഥലത്തേക്ക് എത്തിപ്പെടാനായില്ല. ഒന്നര മാസം മുന്‍പാണ് മാര്‍ട്ടിന്‍ മരിച്ചത്.
https://www.facebook.com/Malayalivartha