ചെലവുകുറയ്ക്കാനായി വൈദ്യുതിബോര്‍ഡില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നത് പരിഗണനയില്‍...വിരമിക്കുന്ന ഒഴിവുകളില്‍ ഇനി നിയമനവും സ്ഥാനക്കയറ്റവും വേണ്ടാത്ത തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ഡയറക്ടര്‍മാരുടെ ഉപസമിതി

ചെലവുകുറയ്ക്കാനായി വൈദ്യുതിബോര്‍ഡില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നത് പരിഗണനയില്‍. വിരമിക്കുന്ന ഒഴിവുകളില്‍ ഇനി നിയമനവും സ്ഥാനക്കയറ്റവും വേണ്ടാത്ത തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ഡയറക്ടര്‍മാരുടെ ഉപസമിതിയെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി കഴിഞ്ഞു
ഈ വര്‍ഷം 1586 പേര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് തസ്തികളുടെ എണ്ണം പുനഃപരിശോധിക്കുന്നത്. കംപ്യൂട്ടര്‍വത്കരണം നടന്നതിനാലും ബോര്‍ഡിന്റെ പരിഗണനയിലുള്ള പുനഃസംഘടനയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാലും ഇനി പല തസ്തികകളും ഒഴിവാക്കാമെന്നാണ് ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍.
അത്തരത്തില്‍ ആവശ്യമില്ലാത്ത തസ്തികകള്‍ കണ്ടെത്താനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ഫിനാന്‍സ് ഡയറക്ടറാണ് സമിതിയുടെ അധ്യക്ഷന്‍. ബോര്‍ഡില്‍ ആകെ 31,128 ജീവനക്കാരാണുള്ളത്. ഇതില്‍ മേയ് 31-ന് 870 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ 1586 പേര്‍ വിരമിക്കും. ഈ ഒഴിവുകളിലെല്ലാം നിയമനവും സ്ഥാനക്കയറ്റവും വേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്.
ബോര്‍ഡില്‍ തസ്തികകളുടെ എണ്ണം പുനഃപരിശോധിക്കണമെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും കോഴിക്കോട് ഐ.എ.എം. 2015-ല്‍ നടത്തിയ പഠനത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു.
അതേസമയം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടമായി വിരമിക്കുന്നതിനാല്‍ ഡയറക്ടര്‍മാരാക്കാന്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ പരിചയസമ്പത്തുള്ള ഓഫീസര്‍മാരില്ലാത്തതുകൊണ്ടാണ് പുറത്തുനിന്ന് ഡയറക്ടര്‍മാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് വൈദ്യുതിബോര്‍ഡ് . ഇതിനായി കഴിഞ്ഞവര്‍ഷം നവംബറില്‍ത്തന്നെ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഡയറക്ടര്‍മാരായി ബോര്‍ഡ് ഓഫീസര്‍മാരെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടില്ല.
റെയില്‍വേയ്സ്, ഓഡിറ്റ്, അക്കൗണ്ട്സ്, ഇന്‍കം ടാക്‌സ് എന്നിങ്ങനെ വിവിധ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഐ.എ.എസ്. ഉദ്യോഗസ്ഥരെയും ഡയറക്ടര്‍, ചെയര്‍മാന്‍ തസ്തികകളില്‍ നിയമിക്കാറുണ്ട്.
https://www.facebook.com/Malayalivartha