നെടുമ്പാശേരിയില്‍ വിമാനമിറങ്ങി കാണാതായ പ്രവാസി അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അബോധാവസ്ഥയിൽ; ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണം സംഘത്തിനു കിട്ടിയില്ലെന്നതാണ് മര്‍ദനത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായതെന്ന് പോലീസ്! അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ...

സംസ്ഥാനത്തെ ഞെട്ടിച്ച് അഗളി സ്വദേശി വാക്ക്യത്തൊടി അബ്ദുള്‍ ജലീലിന്റെ (42) കൊലപാതകത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണം സംഘത്തിനു കിട്ടിയില്ലെന്നതാണ് മര്‍ദനത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായതെന്ന് പോലീസ് വ്യക്തമാക്കുകയുണ്ടായി. കീഴാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ അല്‍ത്താഫ് (31), കല്ലിടുമ്പ് സ്വദേശി ചോലക്കല്‍ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു -34), എടത്തനാട്ടുകര പാറക്കോട്ടുവീട്ടില്‍ അനസ് ബാബു (മണി-40), പൂന്താനം കോണിക്കുഴിയില്‍ മുഹമ്മദ് അബ്ദുള്‍ അലി (അലിമോന്‍ -40), പൂന്താനം കൊണ്ടിപറമ്പ് പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ (ഉണ്ണി -38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മേലാറ്റൂരില്‍ നിന്ന് പിടികൂടിയത്.
അതേസമയം ഇതില്‍ അലിമോന്‍, അല്‍ത്താഫ്, റഫീഖ് എന്നിവര്‍ ജലീലിനെ ഉപദ്രവിക്കുന്നതില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും മറ്റ് രണ്ടുപേര്‍ സൗകര്യങ്ങള്‍ ഏർപ്പാടാക്കിയവരാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് വിശദീകരിക്കുകയുണ്ടായി.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായ പ്രവാസി അബ്ദുല്‍ ജലീലിനെ അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. 15-ന് ഗള്‍ഫില്‍ നിന്നു സ്വര്‍ണവുമായാണ് അബ്ദുള്‍ ജലീല്‍ നെടുമ്പാശ്ശേരിയില്‍ വന്നതെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് മനസ്സിലായെന്ന് എസ്.പി. വ്യക്തമാക്കുകയുണ്ടായി.
എന്നാൽ കൊണ്ടുവന്ന സ്വര്‍ണം കിട്ടിയില്ലെന്ന കാരണത്താല്‍ അബ്ദുള്‍ജലീലിനെ സ്വര്‍ണക്കടത്തുസംഘം പെരിന്തല്‍മണ്ണയില്‍ കൊണ്ടുവരികയും പല സ്ഥലങ്ങളില്‍വെച്ച് നാലുദിവസങ്ങളായി മര്‍ദിക്കുകയുമാണ് ചെയ്തത്. 19-ന് രാവിലെ മുഖ്യപ്രതി യഹിയ ആശുപത്രിയിലെത്തിച്ച് തെറ്റായ വിവരം നല്‍കി രക്ഷപ്പെടുകയാണ് ചെയ്തത്. ഇയാളെ കണ്ടുപിടിക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ് പോലീസ്. വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തുടര്‍ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് എസ്.പി. പറഞ്ഞു. കൊലചെയ്യണമെന്ന വ്യക്തമായ ഉദ്ദേശ്യമില്ലായിരുന്നെങ്കില്‍ ഇത്രയും മാരകമായി പരിക്കേല്‍പ്പിക്കില്ലായിരുന്നുവെന്നാണ് നിഗമനം. സഹായിച്ചവരടക്കം കൂടുതല്‍പ്പേരുടെ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകുമെന്നും എസ്.പി. വ്യക്തമാക്കുകയുണ്ടായി.
കൂടാതെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, ഇന്‍സ്പെക്ടര്‍മാരായ സി.എസ്. ഷാരോണ്‍, സുനില്‍ പുളിക്കല്‍, മനോജ് പറയട്ട, എസ്.ഐ. മാരായ സിജോ തങ്കച്ചന്‍, സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തിവരുന്നത്.
അബ്ദുള്‍ജലീല്‍ നാലുദിവസങ്ങളിലായി തുടര്‍ച്ചയായ പീഡനത്തിരയായതായി പോലീസ് വ്യക്യതമാക്കുകയുണ്ടായി. പലയിടങ്ങളിലായി ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
15-ന് വിമാനമിറങ്ങിയ അബ്ദുള്‍ജലീലിനെ അവിടെനിന്ന് കാറില്‍ക്കയറ്റി പ്രതികള്‍ ഉച്ചയോടെ തന്നെ പെരിന്തല്‍മണ്ണയിലെത്തിക്കുകയായിരുന്നു. രാത്രി ഒന്‍പതുവരെ രണ്ട് കാറുകളിലായി പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുകയും ചെയ്തു. രാത്രി പത്തോടെ ആക്കപ്പറമ്പിലുള്ള വിജനമായ മൈതാനത്തെത്തിക്കുകയുണ്ടായി. പിന്നീട് സംഘത്തിലേക്ക് രണ്ട് കാറുകളിലായെത്തിയ കുഴല്‍പ്പണ വിതരണ സംഘത്തില്‍പ്പെട്ടവരും ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുവരെ ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും ജലീലിന്റെ കൈകള്‍ പിറകിലേക്ക് കെട്ടി അതിക്രൂരമായി അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇതിനുപിന്നാലെ ജലീലിന്റെ കാലുകള്‍ പൊട്ടി രക്തംവരാന്‍ തുടങ്ങിയതോടെ മൈതാനത്തുനിന്ന് കാറില്‍ക്കയറ്റി അഞ്ചോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബുവിന്റെ പെരിന്തല്‍മണ്ണ ജൂബിലി റോഡിലുള്ള ഫ്‌ലാറ്റിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ച് സംഘത്തിലുള്ളവര്‍ തുടര്‍ച്ചയായി രണ്ടുദിവസത്തോളം രാത്രിയും പകലും ഇരുമ്പ് പൈപ്പുകളും ജാക്കി ലിവറും ഉപയോഗിച്ച് അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയുണ്ടായി. കത്തികൊണ്ട് ശരീരത്തില്‍ പലഭാഗങ്ങളിലായി മുറിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കുകള്‍ ഗുരുതരമായി രക്തം വരികയും അത് തറയിലും ബെഡ്ഡിലും ആയതോടെ അനസ് ബാബു ജലീലിനെ മാറ്റാന്‍ ആവശ്യപ്പെടുകയുണ്ടായി.
എന്നിട്ടും സംഘം ഇയാളെ ആശുപത്രിയിലോ വീട്ടിലോ എത്തിച്ചിരുന്നില്ല. മേലാറ്റൂരില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന മണികണ്ഠന്റെ ഷോപ്പില്‍നിന്ന് മുറി ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകള്‍ എത്തിച്ച് ശരീരത്തില്‍ പുരട്ടി. ഫ്‌ലാറ്റ് വൃത്തിയാക്കി അലിമോന്റെ പൂപ്പലത്തെ വീട്ടിലേക്ക് മാറ്റിയും പീഡനം തുടരുകയുണ്ടായി .
അതോടൊപ്പം അവശനിലയിലായ ജലീല്‍ 18-ന് രാത്രിയോടെ ബോധരഹിതനായി. ഇതേതുടര്‍ന്ന് സംഘത്തിലുള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നഴ്സിങ് അസിസ്റ്റന്റുമാരെ ജലീലിനെ പാര്‍പ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും ചില മരുന്നുകളും നല്‍കിയെങ്കിലും ജലീലിന് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. ഇതോടെ 19-ന് രാവിലെ ഏഴോടെ മുഖ്യപ്രതി യഹിയ അയാളുടെ കാറില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha