മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെസമരം വിജയം, സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ മിനിമം കൂലി കൂട്ടി, ക്രെഡിറ്റിനെ ചൊല്ലി യൂണിയനുകളില്‍ തര്‍ക്കം

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ മിനിമം കൂലി കൂട്ടി. കൂലി വര്‍ദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികളുടെ സമരം 17 ദിവസമെത്തിയപ്പോഴാണ് തിരുവനന്തപുരത്തു ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ ധാരണയായത്.
തേയില, കാപ്പി മേഖലയിലെ തൊഴിലാളികളുടെ മിനിമം ദിവസക്കൂലി 232 രൂപ ആയിരുന്നത് 301 ആയി വര്‍ധിപ്പിച്ചു. മറ്റ് ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ ഓരോ തൊഴിലാളിക്കും 436 രൂപ ലഭിക്കും. ഏലം മേഖലയിലെ കൂലി 267 നിന്ന് 330 ആക്കി. ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ 478 രൂപയാകും. റബര്‍ മേഖലയില്‍ 317 രൂപയായിരുന്നത് 381 ആകും (ആനുകൂല്യങ്ങളടക്കം 552 രൂപ). തൊഴിലാളികളുടെ ജോലി (ടാസ്‌ക്) കൂട്ടിയാല്‍ അവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്ലാന്റേഷന്‍ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനായി ഏകാംഗ കമ്മിഷനെ നിയോഗിക്കും.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാകും കമ്മിഷനോടു നിര്‍ദേശിക്കുക. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളും. രണ്ടു ദിവസമായ സര്‍ക്കാര്‍ തലത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണു മുഖ്യമന്ത്രി കൂലിവര്‍ധന പ്രഖ്യാപിച്ചത്. അടിസ്ഥാന ശമ്പളത്തിലും ഡി.എയിലും വര്‍ധന വരുത്തിയിട്ടുണ്ട്.
അധികജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ചേരുന്ന പി.എല്‍.സി. യോഗം ചര്‍ച്ച ചെയ്യും. കൂലി വര്‍ധന സംബന്ധിച്ച് തോട്ടമുടമകളും ട്രേഡ് യൂണിയനുകളുമായി കരാര്‍ ഒപ്പിടുന്നതും അപ്പോഴാകും.ദിവസങ്ങള്‍ നീണ്ട സമരം കാരണം സാമ്പത്തിക ബുദ്ധിമുട്ടിലായ തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ തുക നല്‍കണമെന്ന് തോട്ടമുടമകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി ഉടമകള്‍ അനുകൂല നിലപാട് കൈക്കൊള്ളുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഹാരിസണ്‍ എസ്‌റ്റേറ്റിലെ ബോണസ് സമരം വളരെ നേരത്തേ ആരംഭിച്ചതാണ്. പരിഹാരത്തിന് ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം നവംബര്‍ നാലിനു മുഖ്യമന്ത്രിയും ബന്ധപ്പെട്ട മറ്റു മന്ത്രിമാരുമായി ചര്‍ച്ച നടത്തി പരിഹാരം ആരായും. തൊഴിലാളികളുടെ കൂലി വര്‍ധന ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതേസമയം വിളകളുടെ വിലയിടിവു കാരണം ഉടമകളുടെ സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. സമരം അവസാനിപ്പിക്കാനുള്ള പരിഹാരം കണ്ടെത്താന്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയതു മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദുമാണ്. കൂലി വര്‍ധന പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ സമരത്തില്‍നിന്നും പിന്‍മാറണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൂലി വര്‍ധന ഉണ്ടായതിനാല്‍ സമരത്തില്‍നിന്നു പിന്‍മാറുന്നതായി വിവിധ യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
500 രൂപ മിനിമം കൂലിയെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 28 നാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരം തുടങ്ങിയത്. സമരം തുടങ്ങിയതിനുശേഷം ആറു പി.എല്‍.സി. യോഗങ്ങള്‍ നടന്നു. നാലാമത്തെ പി.എല്‍.സിയിലും ഉടമകളും തൊഴിലാളി നേതാക്കളും നിലപാടുകളില്‍ ഉറച്ചു നിന്നതിനാല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. അഞ്ചാമത്തെ പി.എല്‍.സിയില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം തോട്ടം മേഖലയിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ട്രേഡ് യൂണിയനുകളും തോട്ടം ഉടമകളും വിട്ടുവീഴ്ചയ്ക്കു തയാറാകുകയായിരുന്നു. ഇടുക്കിയിലെ എം.എല്‍.എമാര്‍, എം.പി, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, തോട്ടം ഉടമകളുടെ പ്രതിനിധികള്‍, ലേബര്‍ കമ്മിഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha