ദാദ്രി സംഭവം അനാവശ്യമെന്ന് പ്രധാനമന്ത്രി, ഇത്തരം സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്നും നരേന്ദ്ര മോഡി

ഗോമാംസം കഴിച്ചെന്നാരോപിച്ചു ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുസ്ലിം മധ്യവയസ്‌കനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയതും പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലിയെ ശിവസേന മുംബൈയില്‍ പാടാന്‍ അനുവദിക്കാതിരുന്നതുമായ സംഭവങ്ങള്‍ ദുഃഖകരവും അനാവശ്യവുമായിരുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍, ഈസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ എന്തിനാണു കുറ്റപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. ദാദ്രി സംഭവത്തെ പ്രത്യക്ഷത്തില്‍ പരാമര്‍ശിച്ചു പ്രധാനമന്ത്രി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.
ബി.ജെ.പി. ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും പിന്തുണയ്ക്കുന്നില്ല. ബി.ജെ.പി. സര്‍ക്കാര്‍ വര്‍ഗീയരാഷ്ട്രീയം കളിക്കുകയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഇതിലൂടെ രാഷ്ട്രീയധ്രുവീകരണത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തിന്റെ വികസനം ആഗ്രഹിക്കാതെ, അവരെ വോട്ട് ബാങ്കുകളായി മാത്രം കാണുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുമ്പും ഇതുണ്ടായിട്ടുണ്ട്.
ബി.ജെ.പി. വ്യാജമതേതരത്വത്തെ എന്നും എതിര്‍ത്തിട്ടുണ്ട്. സമൂഹത്തില്‍ ഇന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടാകുമ്പോള്‍ അതേവിവാദം വീണ്ടും ഉയര്‍ന്നുവരുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെയേ പരിഹരിക്കാനാകൂവെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഡി അഭിപ്രായപ്പെട്ടു. ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനം വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതയിലും അക്രമങ്ങളിലും പ്രതിഷേധിച്ചു പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുകയും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവയ്ക്കുകയും ചെയ്ുന്നയതിനിടെയാണു മോഡിയുടെ പ്രതികരണം. നേരത്തേ ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ദാദ്രി സംഭവം പരാമര്‍ശിക്കാതെ, രാജ്യത്തെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിലടിക്കരുതെന്നും രാജ്യപുരോഗതിക്ക് ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്നും മോഡി പറഞ്ഞിരുന്നു.
അതേസമയം, ദാദ്രി സംഭവത്തില്‍ മോഡിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു പ്രതിപക്ഷം രംഗത്തെത്തി. ദാദ്രി സംഭവം ദുഃഖകരമായി മോഡിക്കു തോന്നുന്നെങ്കില്‍ അതിനെ പരോക്ഷമായി അനുകൂലിച്ച ബി.ജെ.പി. നേതാക്കള്‍ക്കെതിരേ എന്തുകൊണ്ടാണു നടപടിയെടുക്കാത്തതെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ് ചോദിച്ചു. ഗുലാം അലിയെ പാടാന്‍ അനുവദിക്കാതിരിക്കുകയും പാക് മുന്‍വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശനത്തില്‍ പ്രതിഷേധിച്ചു പരിപാടിയുടെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്തു കരിമഷിയൊഴിക്കുകയും ചെയ്ത ശിവസേനയുമായി മഹാരാഷ്ട്രയിലെ രാഷ്ട്രീയബന്ധം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്നും സിങ് ചോദിച്ചു.
ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തുകയും പിന്നീടു ക്ഷമ ചോദിക്കുകയും ചെയ്യുന്നതോണോ ബി.ജെ.പിയുടെ രീതിയെന്നു രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവ് ചോദിച്ചു. വൈകിട്ട് ഒന്നു പറയുകയും രാവിലെ അതു മാറ്റിപ്പറയുകയുമാണു ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മോഡിയുടെയും രീതിയെന്നു ലാലു പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha