വെള്ളാപ്പള്ളി ചിട്ടിക്കമ്പനിയുടെപേരിലും കോടികളുടെ തിരിമറി നടത്തിയതിന്റെ രേഖ പുറത്ത്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചിട്ടിക്കമ്പനിയുടെപേരിലും കോടികളുടെ തിരിമറി നടത്തിയതിന്റെ രേഖ പുറത്ത്. വെള്ളാപ്പള്ളി സാമ്പത്തിക കുറ്റവാളിയാണെന്ന് സ്ഥാപിക്കുന്ന രേഖകളും തെളിവുകളുമാണ് പുറത്തുവന്നത്.
എറണാകുളം പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ചിറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. കേന്ദ്ര ചിട്ടിനിയമം ലംഘിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ഓഡിറ്റര്‍ കണ്ടെത്തി. കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോം 23 എസിയില്‍ ഓഡിറ്ററുടെ പ്രത്യേക അഭിപ്രായമായി ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്. അനധികൃതമായി സ്വകാര്യ പണമിടപാട് നടത്തിയാണ് സ്ഥാപനത്തിന്റെ പ്രധാന തട്ടിപ്പ്.
കമ്പനി 201314ല്‍ നടത്തിയ 22 കോടി 93 ലക്ഷം രൂപയുടെ ഇടപാടിന് രേഖകള്‍ ഇല്ല. ഇത്രയും തുക കമ്പനിയില്‍നിന്ന് വിതരണംചെയ്തിട്ടുണ്ട്. അത് ആര്‍ക്ക്,എന്തിന്, എങ്ങിനെ എന്നതിന് രേഖകളില്ല എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചിട്ടി ഇടപാടില്‍ വിതരണം ചെയ്തത് 31.2 ലക്ഷം രൂപ മാത്രം. തട്ടിപ്പിന്റെ വിവരങ്ങള്‍ കൈരളിപീപ്പിള്‍ ടിവി പുറത്തുവിട്ടു.
ഒരു കോടി മുതല്‍മുടക്കുള്ള സ്ഥാപനമാണ് വെള്ളാപ്പള്ളിയുടെ ബെല്‍ ചിറ്റ്‌സ്. 10 ലക്ഷം രൂപയുടെവരെ ചിട്ടികള്‍ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറില്‍ പറയുന്നത്. എന്നാല്‍, ചിട്ടിയില്‍ ചേരുകയും ഈടുനല്‍കുകയും ചെയ്താല്‍ 10 കോടി രൂപവരെ 4 മുതല്‍ 6 മാസത്തിനകം നല്‍കാറുണ്ട്.
സ്ഥാപനത്തില്‍ 70 ശതമാനം ഓഹരിയും വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനാണ്. പനമ്പള്ളി നഗറിലെ ഈ ഓഫീസ് മാത്രമാണ് സ്ഥാപനത്തിന് കേരളത്തിലുള്ളത്. മറ്റൊരു ബ്രാഞ്ച് ജമ്മുവിലാണ്. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാറിന്റെ ഭാര്യ ആശ ആണ് മാനേജിങ് ഡയറക്ടര്‍.
ആശയ്ക്ക് 29.16 ശതമാനം ഓഹരിയുണ്ട്. വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും അഡീഷണല്‍ ഡയറക്ടര്‍മാരാണ്. പ്രീതി നടേശന് 29.17 ശതമാനവും വെള്ളാപ്പള്ളിക്ക് 11.67 ശതമാനവും ഓഹരിയുണ്ട്. സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ പാലാ സ്വദേശി തോമസ് ജോസഫിന് 20 ശതമാനം ഓഹരിയും മറ്റൊരു അഡീഷണല്‍ ഡയറക്ടറായ കോട്ടയം സ്വദേശി വിജയകുമാറിന് 10 ശതമാനം ഓഹരിയുമുണ്ട്. സ്ഥാപനം കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖയിലാണ് വിശദാംശങ്ങള്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha