വിജേഷിന്റെ ഹൃദയം പുതുജീവനേകി... വിജേഷിന്റെ ഹൃദയം ഷംസുദീനില്‍ തുടിച്ചു തുടങ്ങി; മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വന്‍വിജയം

ദൈവത്തിന്റെ കളി എന്ന് പറയുന്നത് ഇതാണ്. ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞ വിജേഷിന്റെ ഹൃദയം ഇപ്പോള്‍ തുടിക്കുന്നത് ഷംസുദീന്റെ ശരീരത്തിലാണ്. മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ വിജയകരമായി പൂര്‍ത്തിയായി.
കശുമാവിന്‍തോട്ടത്തില്‍ അബദ്ധത്തില്‍ വെടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി പി. വിജേഷ് (30)ന്റെ ഹൃദയമാണു മഞ്ചേരി മുള്ളംപാറ കള്ളാടിത്തൊടി ഹൗസില്‍ കെ.ടി.ഷംസുദീന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്. കണ്ണൂരിലെ എകെജി ആശുപത്രിയില്‍നിന്നു വിജേഷിന്റെ ഹൃദയം പുലര്‍ച്ചെ 5.15നു മെട്രോ ആശുപത്രിയിലെത്തിച്ചു. വൈകാതെ ശസ്ത്രക്രിയയും തുടങ്ങി. ആറുമണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വിജേഷിന്റെ ഹൃദയം ഷംസുദീനില്‍ തുടിച്ചു തുടങ്ങിയത്.
മെട്രോ ആശുപത്രിയിലെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. വി. നന്ദകുമാര്‍, ചീഫ് കാര്‍ഡിയോളജിസ്റ്റ് പി.പി. മുഹമ്മദ് മുസ്തഫ, അനസ്തറ്റിസ്റ്റ് ഡോ. അശോക് ജയരാജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. വ്യാഴാഴ്ച രാത്രി കോഴിക്കോട്ടു നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം കണ്ണൂരിലെ ആശുപത്രിയിലെത്തിയാണ് ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ നടത്തിയത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് സംഘം റോഡുമാര്‍ഗം കോഴിക്കോട്ടേക്കു തിരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മട്ടന്നൂര്‍ അയ്യല്ലൂര്‍ വട്ടപ്പറമ്പിലെ കശുമാവിന്‍ തോട്ടത്തില്‍ വച്ചാണു വിജേഷിനു വെടിയേറ്റത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണു പോലീസ് പറയുന്നത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെ വിജേഷിനു മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. അവയവങ്ങള്‍ ദാനംചെയ്യാന്‍ മാതാപിതാക്കളടക്കമുള്ള ബന്ധുക്കള്‍ തീരുമാനിച്ചതോടെ തുടര്‍നടപടികള്‍ക്കു വേഗമേറി.
ഹൃദയസംബന്ധമായ അസുഖം മൂലം ഏറെ നാളെയായി കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഷംസുദ്ദീന്‍. അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയായ മൃതസഞ്ജീവനിയില്‍ ഷംസുദീന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുപ്രകാരം കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രി അധികൃതര്‍ പരസ്പരം ബന്ധപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തന്നെ കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നു കോഴിക്കോട്ടെ ആശുപത്രിവരെയുള്ള ആംബുലന്‍സ് യാത്രക്കു പോലീസ് അകമ്പടിക്ക് അനുമതിയും ലഭിച്ചു. ഹൃദയത്തിനു പുറമേ വിജേഷിന്റെ കണ്ണുകളും വൃക്കയും കരളും ദാനം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha