പെണ്‍പുലികളാകാന്‍ കളരിയിലിറങ്ങി

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കോഴിക്കോട് പൊലീസ് ക്ലബിനു സമീപമാണ് പ്രതിരോധ പരിശീലന പരിപാടി നടത്തിയത്.
സിറ്റി പൊലീസിലെ വനിതാ സിവില്‍ പൊലീസുകാരുള്‍പ്പെടെ സംസ്ഥാനത്തു പ്രത്യേകം പരിശീലനം സിദ്ധിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരിലൂടെ ജനമൈത്രി ബീറ്റുകളില്‍ റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ, കോളജുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണു സ്ത്രീകള്‍ക്കു പരിശീലനം നല്‍കിയത്.
വിവിധ സന്ദര്‍ഭങ്ങളില്‍ വനിതകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ തിരിച്ചറിയാന്‍ അവരെ സ്വയം പ്രാപ്തരാക്കുക, അത്തരം സാഹചര്യങ്ങളില്‍ സ്വയരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കാവുന്ന ലളിതമായ പ്രതിരോധ വിദ്യകള്‍ സ്വായത്തമാക്കുക, അതുവഴി സ്ത്രീകള്‍ക്കു സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണിത്.
പ്രതിരോധ വിദ്യകള്‍ക്കൊപ്പം വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമപരിരക്ഷ, പൊലീസിലും മറ്റു വകുപ്പുകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംരക്ഷണ പരിപാടികള്‍ എന്നിവ സംബന്ധിച്ച അറിവ് വനിതകളില്‍ സൃഷ്ടിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്.
അഞ്ചു ദിവസത്തെ പരിശീലനമാണ് സിറ്റി പൊലീസ് നല്‍കിയത്. പരിശീലന പരിപാടിയില്‍ 14 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 10 കുടുംബശ്രീ അംഗങ്ങള്‍, 14 കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു. സമാപന പരിപാടി സിറ്റി പൊലീസ് മേധാവി പി. എ. വല്‍സന്‍ ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് എസി പി.ടി. ബാലന്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാന്‍, ട്രാഫിക് നോര്‍ത്ത് എസി സി. അരവിന്ദാക്ഷന്‍, കസബ സിഐ ഇ. സുനില്‍ കുമാര്‍, വനിതാ സിഐ ഷാന്റി സിറിയക്, കെ. റസീന എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha