സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ അടിമയാണെന്ന് സിഐഐ അണികളുടെ പരസ്യവിമര്‍ശനം! സികെ ചന്ദ്രപ്പന്‍ ഉള്‍പ്പെടെ ധീരന്‍മാരായ സിപിഐ സെക്രട്ടറിമാര്‍ മുന്‍പ് സിപിഎമ്മിനെതിരെ പരസ്യമായി കൊമ്പുകോര്‍ത്ത ചരിത്രമുള്ള കേരളത്തിൽ കാനം രാജേന്ദ്രനെ അടിമയെന്ന് മുദ്രകുത്തി സ്വന്തം അണികള്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ അടിമയാണെന്ന സിഐഐ അണികളുടെ പരസ്യവിമര്‍ശനം പത്തനംതിട്ടയ്ക്കു പിന്നാലെ മറ്റു ജില്ലകളിലേക്ക് പ്രചരിക്കുകയാണ്. സിപിഎം വല്യേട്ടന്റെ തണല്‍പറ്റി ഇരുപതോളം സീറ്റുകളില്‍ വിജയിച്ച് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വാങ്ങി എകെജി സെന്ററിന്റെ പുറമ്പോക്കില്‍ കഴിച്ചുകൂടുന്ന ഒരു ഇത്തില്‍ക്കണ്ണിയാണ് സിപിഐയെന്നാണ് സിപിഎം സഖാക്കള്‍ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം അധിക്ഷേപങ്ങള്‍ ശരവയ്ക്കുന്നതാണ് കാനം രാജേന്ദ്രന്റെ നിലപാടെന്നാണ് സിപിഐയിലെ കാനംവിരുദ്ധ ചേരി ഒന്നടങ്കം അധിക്ഷേപിക്കുന്നത്.
സികെ ചന്ദ്രപ്പന്‍ ഉള്‍പ്പെടെ ധീരന്‍മാരായ സിപിഐ സെക്രട്ടറിമാര്‍ മുന്‍പ് സിപിഎമ്മിനെതിരെ പരസ്യമായി കൊമ്പുകോര്‍ത്ത ചരിത്രമുള്ള കേരളത്തിലാണ് കാനം രാജേന്ദ്രനെ അടിമയെന്ന് സ്വന്തം അണികള്‍ മുദ്രകുത്തിയിരിക്കുന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്നുവരുന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും കാനത്തിനെതിരെ നേതാക്കളും പ്രവര്‍ത്തകരും ആഞ്ഞടിക്കുകയാണ്. കാനം സ്വന്തം പ്രസ്ഥാനത്തെ ഇല്ലായ്മപ്പെടുത്തുകയാണെന്നും കേരളത്തില്‍ സിപിഐയുടെ വരള്‍ച്ച മുരടിക്കുകയാണെന്നും നേതാക്കള്‍ പരസ്യമായ വിചാരണം നടത്തിവരികയാണ്. എന്തിനേറെ കാനം സ്വന്തം ഇല്ലം ചുടുകയാണെന്നു വരെയുള്ള വിമര്‍ശനമാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്.
കേരളത്തിലെ സിപിഐയില്‍ രണ്ടു പതിറ്റാണ്ടായി ഗ്രൂപ്പ് ചേരിതിരിവ് പ്രകടമാണ്. നിലവില്‍ കാനത്തിനെതിരെ സിപിഐയില്‍ കെഇ ഇസ്മയില്‍ പക്ഷമാണ് പരസ്യമായി തിരിഞ്ഞ് പോരാട്ടം നടത്തിവരുന്നത്. കാനം പിണറായി വിജയന്റെ അടിമയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എല്‍ദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോള്‍ കാനം ന്യായീകരിച്ചെന്നും കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷത്ത് ആയിരുന്നെങ്കില്‍ കാനം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നും പത്തനംതിട്ടയിലെ പ്രതിനിധികള്‍ ആരാഞ്ഞു. ഇതിനു പിന്നാലെയാണ് കോട്ടയം ജില്ലാ സമ്മേളനത്തില്‍ കാനത്തിന്റെ സ്ഥാനാര്‍ഥി വികെ സന്തോഷ് കുമാറിനെ എതിര്‍ചേരിയിലുള്ള വിബി ബിനു തോല്‍പിച്ച് കാനത്തെ ഞെട്ടിച്ചത്.
കാനം രാജേന്ദ്രന്‍ പക്ഷത്തെ സ്ഥാനാര്‍ത്ഥിയായി എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാറിനെയാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് വീണ്ടും സമവായ നീക്കങ്ങള്‍ക്ക് ശ്രമം നടത്തിയെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് 50 ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 29 പേരുടെ പിന്തുണ നേടി അഡ്വക്കേറ്റ് വി ബി ബിനു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം തട്ടകത്തിലെ മണ്ണ് ഇളകിയെന്ന് അറിഞ്ഞ കാനം കോട്ടയം സമ്മേളനത്തില്‍ പങ്കെടുത്തതുമില്ല.
കോട്ടയം ജില്ലയിലെ കാനം സ്വദേശിയായ കാനം രാജേന്ദ്രന് സ്വന്തം ജില്ലയില്‍ തിരിച്ചടിയുണ്ടായി എന്നതാണ് സുപ്രധാന നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐയ്ക്ക് നഷ്ടമായതില്‍ കോട്ടയം ജില്ലയിലെ സിപിഐ പ്രതിനിധികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മുന്‍പ് കോട്ടയം ജില്ലയിലെ വാഴൂരില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായിരുന്ന കാനം രാജേന്ദ്രന്. സ്വന്തം നാട്ടിലെ സ്വന്തം പാര്‍ട്ടി അസ്ഥിത്വം നഷ്ടപ്പെടുത്തിയതിനു പിന്നില്‍ കാനത്തിന്റെ സിപിഎം വിധേയത്വമാണെന്ന് സിപിഐയിലെ അണികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ പാര്‍ട്ടിയുടെ പോക്കില്‍ അങ്ങേയറ്റം ആശങ്കയിലാണിപ്പോള്‍. കോട്ടയം ജില്ലയില്‍ വൈക്കം ഒഴികെ മറ്റൊരു സീറ്റ് സിപിഐയ്ക്ക ഇനിയില്ല എന്നതാണ് സിപിഐയെ ആശങ്കപ്പെടുത്തുന്നത്.
സ്വന്തം നാടായ കോട്ടയത്തെ പാര്‍ട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ നേരത്തെ കാനം രാജേന്ദ്രന്‍ എത്തി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഉദ്ഘാടന പരിപാടിക്ക് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെയാണ് സ്വന്തം ജില്ലയില്‍ നിന്നും കനത്ത തിരിച്ചടി കാനം രാജേന്ദ്രന് ഏല്‍ക്കേണ്ടി വന്നത്.നേരത്തെ കാഞ്ഞിരപ്പള്ളിയില്‍ സിപിഐ സ്ഥാനാര്‍ഥിയായി അഡ്വക്കേറ്റ് വി ബി ബിനു മത്സരിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നതിന് പുറമേ എഐടിയുസി സംസ്ഥാന സെക്രട്ടറി പദവും അഡ്വക്കേറ്റ് വി ബി ബിനു വഹിച്ചു വരികയാണ്.
അടൂരില്‍ ചിറ്റയത്തെ തോല്‍പ്പിക്കാന്‍ സിപിഐഎമിലെ ഒരു വിഭാഗം ശ്രമിച്ചതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്നും പത്തനംതിട്ട സമ്മേളനത്തില്‍ ആരോപണമുയര്‍ന്നു. അതേ സമയം സി.പിഐയും സിപിഐ എമ്മും കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതിനോടും വ്യാപകമായ വിമര്‍ശനം ഉയരുകയാണ്.
സിപിഐ കേരളത്തില്‍ ഏറെ വേരുകളുള്ള പ്രസ്ഥാനമായിരുന്നുവെന്നും തൃശൂര്‍, കൊല്ലം ജില്ലകളില്‍ സിപിഎമ്മിനേക്കാള്‍ അണികളുണ്ടായിരുന്നുവെന്നും അണികള്‍ പറയുന്നു. മുന്‍പ് സംസ്ഥാനത്തെ പത്ത് നിയോജകമണ്ഡലങ്ങളില്‍ തനിച്ചുനിന്നു ജയിക്കാനുള്ള ആള്‍ബലം സിപിഐയ്ക്കുണ്ടായിരുന്നു. ഇപ്പോഴാകട്ടെ രണ്ടോ മൂന്നോ മണ്ഡലങ്ങളിലേക്ക് ആ മുന്‍തൂക്കം ചെറുതായിക്കഴിഞ്ഞും. ഇടുക്കി, വയനാട് ജില്ലകളിലെ തോട്ടം മേഖലയില്‍ എഐടിയുസിയായിരുന്നു മുന്‍പ് ഒന്നാമത്തെ തൊഴിലാൡപ്രസ്ഥാനം. ഇന്നാവട്ടെ എഐടിയുസി ഇവിടെയൊക്കെ അങ്ങേയറ്റം ദുര്‍ബലമായിരിക്കുന്നു.
മാത്രവുമല്ല സിപിഎം വല്യേട്ടനു കീഴില്‍ അടിമകളെപ്പോലെ കഴിയുയാണെന്നുമാണ് പരക്കെ വിമര്‍ശനം ഉയരുന്നത്. നിലവിലെ പാര്‍ട്ടി സമ്മേളനത്തോടെ കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിയേണ്ടിവരുന്ന നിലയിലേക്കാണ് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ്. സി അച്യുതമേനോനെയും ഇ ചന്ദ്രശേഖരന്‍നായരെയും ടിവി തോമസിനെയും ഭാര്‍ഗവി തങ്കപ്പനെയും ചന്ദ്രപ്പനെയും പോലുള്ള നേതാക്കള്‍ ഭരിച്ച പാര്‍ട്ടിക്കുണ്ടായ അപചയത്തിനെതിരെ കടുത്ത പ്രതിക്ഷേധമാണ് സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ ഉയരുന്നത്.
https://www.facebook.com/Malayalivartha






















