സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിട്ടില്ല. സിപിഎമ്മിനുള്ളിലെ സംഘര്‍ഷമാണ് കൊലയിലേക്ക് എത്തിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ആര്‍എസ്എസ് ബന്ധം ഉന്നയിക്കാതെ മുഖ്യമന്ത്രി അപലപിച്ചിരിക്കുന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളില്‍ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്.
മുറിവുകളില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം 8 പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേര്‍ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
പാലക്കാട് കൊട്ടേക്കാട് സ്വദേശികളാണ് പ്രതികള്‍ എല്ലാവരും. അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പ്രതികരിച്ചത്.
കൊലയാളി സംഘാംഗങ്ങള്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ്. എത്രയോ വര്‍ഷം മുന്‍പ് പാര്‍ട്ടി വിട്ടവരാണ്. ആര്‍എസ്എസാണ് ഇവര്‍ക്ക് സഹായം നല്‍കി വന്നത്. പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയില്‍ പങ്കെടുത്തവരാണ് ഇവര്‍.
https://www.facebook.com/Malayalivartha


























