മുന്‍ ഭാര്യയും രംഗത്ത്... സല്‍മാന്‍ റുഷ്ദി ജീവിതത്തിലേക്ക് മടങ്ങി വരുന്നു; ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മുന്‍ ഭാര്യ പത്മ ലക്ഷ്മി; റുഷ്ദിയെ കുത്തിയ യുവാവിന്റെ ജീവിതം ദുരൂഹത നിറഞ്ഞത്; സ്വഭാവം മാറിയത് ലബനന്‍ സന്ദര്‍ശിച്ചശേഷം

യുഎസില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഭാര്യ പത്മ ലക്ഷ്മിയാണ് ഇതുസംബന്ധിച്ച ശുഭ വാര്‍ത്ത പുറത്ത് വിട്ടത്. ആശങ്കകള്‍ അവസാനിക്കുന്നെന്നും അദ്ദേഹത്തില്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും ടിവി അവതാരകയുമാണ് പത്മ ലക്ഷ്മി. 2004ല്‍ വിവാഹിതരായ റുഷ്ദിയും പത്മ ലക്ഷ്മിയും 2007ലാണ് വേര്‍പിരിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്കില്‍ പൊതുപരിപാടിക്കിടെ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന റുഷ്ദിയെ ശനിയാഴ്ച വെന്റിലേറ്ററില്‍നിന്ന് നീക്കി. അതിക്രൂരമായ ആക്രമണം ഉണ്ടായിട്ടും സ്വതസിദ്ധമായ നര്‍മഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചതെന്ന് മകന്‍ സഫര്‍ റുഷ്ദി അറിയിച്ചു.
അതേസമയം റുഷ്ദിയെ ആക്രമിച്ച യുവാവിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ലബനനില്‍ പോയി തിരിച്ചുവന്നശേഷമാണ് മകന്റെ സ്വഭാവം മാറിയതെന്ന് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച ഹാദി മതാറിന്റെ അമ്മ സില്‍വാന ഫര്‍ദോസ് പറഞ്ഞു. 2018ലാണ് ഹാദി ലബനനിലെത്തി പിതാവിനെ സന്ദര്‍ശിച്ചത്.
തിരിച്ചെത്തിയ ഹാദിയുടെ സ്വഭാവം പൂര്‍ണമായും മാറി. പഠനം പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിന് പകരം മുറിയില്‍ ഒതുങ്ങിക്കൂടി. മാസങ്ങളോളം തന്നോടോ സഹോദരിയോടോ ഒന്നും സംസാരിച്ചില്ല. മുറിയിലേക്ക് പ്രവേശിക്കുന്നത് പോലും വിലക്കി.
പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണരുകയുമായിരുന്നു പതിവ്. വിദ്യാഭ്യാസം നേടണമെന്ന് പറഞ്ഞതില്‍ പ്രകോപിതനായി. ഹാദിയുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് രണ്ട് കുട്ടികള്‍കൂടിയുണ്ട്. അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഫര്‍ദോസ് പറഞ്ഞു.
ഹാദിയുടെ രക്ഷിതാക്കള്‍ ലബനന്‍ സ്വദേശികളാണ്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പൊതുചടങ്ങില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സല്‍മാന്‍ റുഷ്ദിക്കു കുത്തേറ്റത്. വേദിയിലേക്കു പാഞ്ഞെത്തിയ ഹാദി മതാര്‍ റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം സല്‍മാന്‍ റുഷ്ദിയുടെ (75) ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഔദ്യോഗിക സ്ഥിരീകരണവും വന്നു. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നു മാറ്റിയതായും ഡോക്ടര്‍മാരോടു സംസാരിച്ചതായും റുഷ്ദിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരും.
അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. എന്നാല്‍, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഹാദി മതാറിനെ വധശ്രമത്തിന് കേസെടുത്തതായി ചൗത്വാക്വ കൗണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു. വളരെ നീണ്ടുനില്‍ക്കുന്ന നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിത്ത് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























