പത്ത് കിലോ ചന്ദനവുമായി ഇടുക്കി സ്വദേശികള്‍ പിടിയില്‍

പത്ത്കിലോ ചന്ദനവുമായി ഇടുക്കി സ്വദേശികളായ നാലു പേരെ ഷാഡോ പോലീസ് സംഘം പിടികൂടി. വണ്ടിപ്പെരിയാര്‍ മ്ലാമല ഒരുക്കോനായില്‍ ഷമീര്‍ (33), കള്ളിക്കല്‍ ഷിജു (35), മൂങ്കലാര്‍ പുളിക്കല്‍ സിറാജ് (31), മ്ലാമല എസ്‌റ്റേറ്റില്‍ ഇബ്രാഹിംകുട്ടി (31) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെ കെ.കെ. റോഡില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനു മുന്‍വശത്തു നിന്നു വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്നും ആറു ചന്ദനമുട്ടികള്‍ പിടികൂടി, 10 കിലോഗ്രാം തൂക്കം വരുന്ന ഇവ 13000 മുതല്‍ 15000 രൂപയ്ക്കുവരെയാണ് സംഘം വിറ്റിരുന്നത്. പാലക്കാട്ട് വില്‍പ്പന നടക്കാതെ വന്നതോടെ ചന്ദനം കോട്ടയത്തെത്തിക്കുകയായിരുന്നു. മ്ലാമല സ്വദേശിയുടെ പക്കല്‍ നിന്നുമാണ് ചന്ദനം വാങ്ങിയതെന്നു പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ക്കുവേണ്ടിയാണു കൊണ്ടുവന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പാലക്കാട്, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചു ചന്ദന വില്‍പ്പന നടത്തുന്ന ഇവര്‍ക്കെതിരേ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ വനംവകുപ്പിന് കൈമാറും. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. വി.അജിത്, ഈസ്റ്റ് സി.ഐ. എ.ജെ.തോമസ്, എസ്.ഐ. യു. ശ്രീജിത് എന്നിവരുടെ മേല്‍നോട്ടത്തില്‍ ജൂണിയര്‍ എസ്.ഐ. സുധീഷ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ. ഡി.സി. വര്‍ഗീസ്, ഐ. സജികുമാര്‍, പി.എന്‍. മനോജ്, ബിജുമോന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha