ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട പിന്നാലെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആന്ധ്രാ പ്രദേശ് തീരത്തേക്ക് ന്യൂനമർദം നീങ്ങാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
അതുപോലെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാല് ഷട്ടറുകൾ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. റൂൾ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























