പലഗുണമുണ്ടത്രെ... മുഹമ്മദ് ഷാഫിയുടെ വേലത്തരങ്ങള്‍ ഓര്‍ത്തെടുത്ത് നാട്ടുകാര്‍; കച്ചവടം മെച്ചപ്പെടാനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാനുമുള്ള പ്രത്യേക മരുന്ന് ഉപദേശിച്ച് ഷാഫി; സ്ഥിരം മദ്യപാനിയും രാത്രിയില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവമുള്ള ആളെ വിശ്വസിക്കാന്‍ തയ്യാറാകാത്തത് കൊണ്ടുമാത്രം രക്ഷപ്പെട്ടു

ഇലന്തൂരിലെ നരബലി കേസിലെ അന്വേഷണങ്ങളില്‍ നിര്‍ണായകമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഷാഫി നരബലിയുടെ തുടക്കത്തിനായി മന്ത്രവാദത്തിനായി പലരേയും സമീപിച്ചത്രെ. എന്നാല്‍ പലരും ഒഴിഞ്ഞുമാറി. താത്പര്യമുള്ളവര്‍ക്ക് അതനുസരിച്ച് അവരെ എത്തിക്കുകയും ചെയ്യും.
ആഭിചാരത്തിലേക്കും മന്ത്രവാദത്തിലേക്കും പരിചയക്കാരെയും ഷാഫി പ്രേരിപ്പിച്ചതായി വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. കച്ചവടം മെച്ചപ്പെടാനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാനും പ്രത്യേകതരം മന്ത്രവാദം നടത്തിയാല്‍ മതിയെന്നാണ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ജങ്ഷന് സമീപമായിരുന്നു ഷാഫിയുടെ ഹോട്ടല്‍. ഇതിന് പരിസരത്തെ സാധാരണകടക്കാരെയാണ് മന്ത്രവാദത്തിനായി പ്രേരിപ്പിച്ചത്.
ബിസിനസ് മെച്ചപ്പെടുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും പറഞ്ഞായിരുന്നു ഇത്. വൈഎംസിഎ ജങ്ഷന്‍ ഷേണായീസ് റോഡിലെ കഞ്ഞിക്കട വിപുലീകരിച്ച് ഷാഫി 'അഥീന്‍സ്' ഹോട്ടല്‍ നടത്തിയിരുന്നു. ഇതിനുസമീപം വ്യാപാരം നടത്തിയിരുന്നവരെയാണ് മന്ത്രവാദത്തിന് സമീപിച്ചത്. ആരും അതിന് തയ്യാറായില്ല. സമീപത്തെ കച്ചവടക്കാരുമായി സ്ഥിരം വഴക്കിട്ടിരുന്ന ഷാഫി മദ്യപിച്ചെത്തി അസഭ്യം പറയുമായിരുന്നു. മുമ്പ് ഇവിടെ ഹോട്ടല്‍ നടത്തിയ സ്ത്രീയെ അസഭ്യം പറഞ്ഞതിന് കടവന്ത്ര പൊലീസ് താക്കീതും ചെയ്തിരുന്നു. മന്ത്രവാദത്തിന്റെ പേരില്‍ പലരില്‍നിന്നും കൈക്കലാക്കിയ പണമുപയോഗിച്ചാണ് ഹോട്ടല്‍ വിപുലീകരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മന്ത്രവാദത്തിന്റെ പേരില്‍ ആരില്‍നിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അത്തരത്തില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായവരെ കണ്ടെത്താന്‍ ഫോണ്‍ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കസ്റ്റഡിയിലുള്ള ഷാഫി ചോദ്യം ചെയ്യലില്‍ പൊലീസിനോട് സഹകരിച്ച് തുടങ്ങി. ഇതുവരെ എല്ലാറ്റിനും ഇല്ല, അറിയില്ല എന്ന് മറുപടി പറഞ്ഞിരുന്ന ഷാഫി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വ്യാഴാഴ്ച രാത്രിവരെ ചോദ്യം ചെയ്യലിനോട് വിമുഖത കാണിച്ച പ്രതി, രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുകയായിരുന്നു. ഷാഫിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചാണ് നിലവില്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നത്.
ഷാഫിക്കൊപ്പം മറ്റ് പ്രതികളായ ഭഗവല്‍സിങ്, ലൈല എന്നിവരെയും എറണാകുളം പൊലീസ് ക്ലബ്ബില്‍ എത്തിച്ചാണ് കൊച്ചി ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. പ്രതികളെ 12 ദിവസം കസ്റ്റഡിയില്‍ വെക്കാന്‍ വ്യാഴാഴ്ച പൊലീസിന് അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീണ്ടും തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ തുടര്‍ന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ദിവസങ്ങളിലെ തെളിവെടുപ്പ്.
ആദ്യം ഷാഫിയുടെ ഹോട്ടല്‍, വീട്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് എത്തിക്കാനാണ് സാധ്യത. ഇതിന് ശേഷമാകും ഇലന്തൂരില്‍ കൊണ്ടുപോകുന്നത്. ഒന്നാം പ്രതി ഷാഫിയെ കടവന്ത്ര, ഭഗവല്‍സിങ്ങിനെ മുളവുകാട്, ലൈലയെ കസബ സ്റ്റേഷനുകളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ഷാഫിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊല ചെയ്യപ്പെട്ട സ്ത്രീകളെ ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ കാര്‍ ഷാഫിയുടെ മരുമകന്റേതെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു, കേസില്‍ നിര്‍ണായകമായ സ്വര്‍ണ പണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.
വീട്ടില്‍ നടന്ന പരിശോധന ആറുമണിക്കൂറോളം നീണ്ടുനിന്നു. ഇന്നലെ രാവിലെ പത്തരയക്ക് നടന്ന പരിശോധന വൈകിട്ട് നാലരയ്ക്കാണ് അവസാനിച്ചത്. കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടിതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. മൂന്ന് പ്രതികളെയും പൊലീസ് ക്ലബില്‍ ഒന്നിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്തു.
ഷാഫിയുടെ മൊബൈല്‍ ഫോണിനായി അന്വേഷണം ഊര്‍ജിതമാക്കി. 'ശ്രീദേവി' എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഫോണ്‍ നശിപ്പിച്ചെന്നാണ് ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷാഫിയുമായി വീട്ടില്‍ വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് ഭാര്യ നഫീസയുടെ മൊഴി. എന്നാല്‍, രണ്ട് മൊഴികളും പൊലീസ് വിശ്വസിച്ചിട്ടില്ല. ഒട്ടേറെ ക്രിമിനല്‍സംഘങ്ങളുമായി ബന്ധമുള്ള ഷാഫി ഫോണ്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നതില്‍ വ്യക്തത വരുത്തണമെങ്കില്‍ ഈ ഫോണ്‍ കിട്ടണം.
"
https://www.facebook.com/Malayalivartha


























