കൊലപാതകവും നരബലിയും എങ്ങനെ നടത്തി? ഭഗവൽ സിംഗിന്‍റെ ഇലന്തൂരിലെ വീട്ടിൽ സ്ത്രീ രൂപത്തിലുള്ള ഡമ്മി എത്തിച്ച് പരിശോധന

ഭഗവൽ സിംഗിന്‍റെ ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിൽ ഡമ്മി പരിശോധന നടത്തും. കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന നടത്തുന്നത്. സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തിച്ചത്. അതേ സമയം നായയുമായുള്ള തെരച്ചിലിൽ ഭഗവൽ സിംഗിന്റെ വീടിന്റെ കിഴക്കുഭാഗത്തുനിന്ന് അസ്ഥി കഷ്ണം കണ്ടെത്തി. ഇത് മനുഷ്യന്റേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഫോറൻസിക് സംഘം ഇത് പരിശോധിക്കും.
റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച മായ, മർഫി നായ്ക്കളെ ഉപയോഗിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം പൊലീസിനുണ്ട്.
നായ മണം പിടിച്ച മരത്തിന്റെ ചുവട്ടിലും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടുമണിയോടെയാണ് മൂന്നു പ്രതികളുമായി എറണാകുളത്തുനിന്ന് പോലീസ് സംഘം ഇലന്തൂരിലെത്തിയത്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വീടിനുള്ളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. സ്ഥലത്ത് വലിയ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ഇലന്തൂര്‍ നരബലിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. നാല് ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അന്വേഷണ പുരോഗതിയും ഇരകളുടെ കുടുംബത്തിന് ധനസഹായം നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കാന്‍ ആവശ്യപ്പെട്ടു. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണ് നടന്നത്. പൗരന്മാരുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























