രണ്ടാം ഘട്ടത്തിനിടെ പോളിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്ന തൃശൂരും മലപ്പുറത്തും റീപോളിങ് ആരംഭിച്ചു

തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനിടെ വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ പണിമുടക്കിയതിനെത്തുടര്‍ന്നു പോളിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്ന മലപ്പുറം ജില്ലയിലെ 27 പഞ്ചായത്തുകളിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒന്‍പതു ബൂത്തുകളിലും റീ പോളിങ് ആരംഭിച്ചു. മലപ്പുറം ജില്ലയില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്. ഇന്നും മലപ്പുറത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായി. പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്നലെ രാവിലെ പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടിങ് നടത്തിയപ്പോള്‍ത്തന്നെ ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ കേടായിരുന്നു. തുടര്‍ന്ന്, പുതിയ യന്ത്രങ്ങളെത്തിച്ചെങ്കിലും അവയും തകരാറിലായതോടെ ഉദ്യോഗസ്ഥര്‍ കുടുങ്ങി. പകരം കരുതിയ യന്ത്രങ്ങളും തീര്‍ന്നതോടെ മലപ്പുറം കലക്ടറേറ്റില്‍ നിന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു യന്ത്രങ്ങള്‍ കൊണ്ടുപോയി. എന്നിട്ടും പലയിടങ്ങളിലും വോട്ടിങ് തുടങ്ങാന്‍ കഴിഞ്ഞില്ല.
ഉച്ചകഴിഞ്ഞതോടെ ലീഗ്, സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി കലക്ടറെ കാണാനെത്തി. മൂന്നു മണിക്കൂറിലധികം വൈകി വോട്ടിങ് തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രി ഏഴുവരെ വോട്ട് ചെയ്യാന്‍ അവസരം കൊടുത്തതു നേതാക്കളുടെ ആവശ്യപ്രകാരമാണ്. വോട്ടിങ് മുടങ്ങിയ 105 ബൂത്തുകളില്‍ ഇന്നു വീണ്ടും വോട്ടെടുപ്പ് നടത്താനും ഒടുവില്‍ തീരുമാനമാവുകയായിരുന്നു.
തൃശൂര്‍ ജില്ലയില്‍ 137 വോട്ടിങ് യന്ത്രങ്ങള്‍ ഭാഗികമായി പണിമുടക്കി. ഒന്‍പതിടത്തുമാത്രമാണ് ഇന്നു വീണ്ടും പോളിങ് നടത്തുക. പത്തനംതിട്ട ജില്ലയിലും യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ പോളിങ് തടസ്സപ്പെട്ടു. പത്തനംതിട്ട നഗരസഭ 16-ാം വാര്‍ഡിലെ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിലെ ബട്ടനില്‍ കടലാസ് തിരുകിവച്ചതായി കണ്ടെത്തിയതിനാല്‍ ഒന്നര മണിക്കൂര്‍ വോട്ടെടുപ്പു മുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha