വിദ്യാഭ്യാസ വായ്പയുടെ കുടിശിക പിരിവ്; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വകാര്യ കമ്പനി പണി തുടങ്ങി

വിലക്കയറ്റവും നാണ്യ വിളകളുടെ തകര്‍ച്ചയും മൂലം ദുരിതം അനുഭവിക്കുന്ന ആളുകളുടെ ശവപ്പെട്ടിക്ക് ആണി അടിക്കാന്‍ ബാങ്കുകാര്‍ ഏല്‍പ്പിച്ച റിലയന്‍സുകാര്‍ എത്തുന്നു. വിദ്യാഭ്യാസ വായ്പ കുടിശിക പിരിവിന് ചുമതലയയുള്ള റിലയന്‍സ് കമ്പനി പണം പിരിച്ചെടുക്കാനുള്ള നടപടി തുടങ്ങി. തദേശ സ്ഥാപന തെരഞ്ഞെടുപ്പു വരെ അനങ്ങാതിരുന്ന റിലയന്‍സ് ഇപ്പോള്‍ ഫോണിലുടെ ബന്ധപ്പെട്ട് പണമടയ്ക്കാന്‍ നിര്‍ദേശം നല്കി തുടങ്ങി. ആദ്യഘട്ടം ഫോണ്‍വിളിയും രണ്ടാം ഘട്ടം വക്കീല്‍ നോട്ടിലും തുടര്‍ന്ന് ഭൂമി അറ്റാച്ച്‌മെന്റ് അടക്കമുള്ള നടപടികളുമാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ആര്‍പ്പൂക്കര, നീണ്ടൂര്‍, ഏറ്റുമാനൂര്‍, പമ്പാടി. പാലാ, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പണം അടച്ചു തീര്‍ക്കാന്‍ ഫോണിലൂടെ നിര്‍ദേശം ലഭിച്ചു.
എത്രയും വേഗം കുടിശിക അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാ\'നായിരുന്നു നിര്‍ദേശം. രണ്ടും മൂന്നും ലക്ഷം കുടിശികയുള്ളവര്‍ എങ്ങനെയാണ് പെട്ടെന്ന് അടച്ചു തീര്‍ക്കുകയെന്ന് വ്യക്തമല്ല. അടുത്തത് വക്കീല്‍ നോട്ടീസ് ആണെന്ന് പറയുന്നു. അതിനു ശേഷം ഭൂമി അറ്റാച്ച് ചെയ്യും. ആധാരം ഉടമസ്ഥന്റെ പക്കലിരുന്നാലും വീടും സ്ഥലവും വില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വരും. വായ്പയെടുത്തപ്പോള്‍ നല്കിയ കരം അടച്ച രസീത് ഉപയോഗിച്ച് വസ്തു സംബന്ധമായ എല്ലാ വിവരങ്ങളും ശേഖരിച്ച് വില്‍പന തടയാനുള്ള നീക്കം റിലയന്‍സ് ആരംഭിച്ചു. റിട്ട.പോലീസ് ഉദ്യോഗസ്ഥര്‍, റിട്ട. തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരെയാണ് റിലയന്‍സ് പണം പിരിച്ചെടുക്കുന്ന നടപടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ വായ്പ കുടിശിക പിരിവ് റിലന്‍സിനെ ഏല്‍പിച്ചതിനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തിലെ എല്ലാ പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിയമസഭയില്‍ വരെ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും വായ്പയെടുത്ത പാവങ്ങളെ കൈവിട്ട അവസ്ഥയിലാണ്. പ്രതിഷേധ പ്രസ്താവന പോലും ഇറക്കാന്‍ ആരുമില്ല.
നിയമ നടപടികള്‍ എങ്ങനെയൊക്കെ സ്വീകരിക്കാം എന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ കുടിശികക്കാരനെ എങ്ങനെയും പൂട്ടാനുള്ള വിദ്യ ഇവര്‍ നല്കുമെന്നുറപ്പാണ്. വിദ്യാഭ്യാസ വായ്പയെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിനും ജോലി കിട്ടിയിട്ടില്ല. നാട്ടില്‍ ജോലി കിട്ടിയവര്‍ക്ക് പരമാവധി 7000 രൂപയാണ് ശമ്പളം. പ്രതിമാസം 7000 രൂപ മുതലും ഇതിനു പുറമെ പലിശയും അടയ്‌ക്കേണ്ടവര്‍ എന്തു ചെയ്യുമെന്ന് നിശ്ചയമില്ല. നിലവില്‍ എസ്ബിടിയാണ് കമ്പനിയുമായി കാരാര്‍ ഒപ്പിട്ടിരിക്കുന്നത് വൈകാതെ മറ്റു ബാങ്കുകളും ഇത് പിന്തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha