ബിജു രമേശിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് മന്ത്രി അടൂര്‍ പ്രകാശാണെന്ന് കെ ബാബു, ബിജു രമേശിനെ ചൊല്ലി മന്ത്രിസഭയില്‍ മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റം

ബിജു രമേശിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് മന്ത്രി അടൂര്‍ പ്രകാശാണെന്ന് ആരോപിച്ച് മന്ത്രി കെ ബാബു രംഗത്തെത്തി. തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തിന് പരഹാരമായുള്ള ഓപ്പറേഷന്‍ അനന്ത പൊളിച്ചതും സര്‍ക്കാരിനും മന്ത്രിസഭക്കുമെതിരെ ബിജുരമനേശിനെ സപ്പോര്‍ട്ട് ചെയ്യുന്നതും ഐ ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശാണെന്നാണ് കെ ബാബുവിന്റെ പക്ഷം. ഇതു സംബന്ധിച്ച് ഇരുവരും മുഖ്യമന്ത്രിയുടെ മുന്നില്‍ ഏറ്റുമുട്ടിയതായാണ് സൂചന. പറയാനാണെങ്കില്‍ എല്ലാവരും കുടുങ്ങുമെന്നും കൂടുതല്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നുമായിരുന്നു കെ ബാബു തുറന്നടിച്ചത്.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ തിരുവനന്തപുരത്തെ രാജധാനി ബാര്‍ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശ്രീ പത്മനാഭ സ്വാമിക്ഷേത്രക്കുളം കൈയേറിയാണ് നിര്‍മ്മാണമെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ റവന്യൂമന്ത്രിയായ അടൂര്‍ പ്രകാശ് ഈ നീക്കത്തെ പിന്തുണച്ചില്ല. അടുത്ത കുടുംബ സുഹൃത്തായ ബിജു രമേശിനായി അടൂര്‍ പ്രകാശ് ശക്തമായ നിലപാട് എടുത്തതോടെ കോടതിയില്‍ പോയി അനുകൂല വിധി നേടിയെടുക്കാന്‍ ബിജു രമേശിന് കഴിഞ്ഞു. ഇതിന് ശേഷമാണ് ധനമന്ത്രി സ്ഥാനത്ത് നിന്ന് കെഎം മാണി രാജിവച്ചത്. ബാര്‍ കോഴയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ രംഗത്ത് വരികയും ചെയ്തു. ഇതോടെ ബിജു രമേശിന്റെ കെട്ടിടം പൊളിച്ചേ പറ്റൂവെന്ന് കെ ബാബു നിലപാട് എടുത്തു. ഇതിനെ റവന്യൂ വകുപ്പ് മന്ത്രിയെന്ന നിലയില്‍ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അടൂര്‍ പ്രകാശ് ശ്രമം തുരുകയാണ്.
മന്ത്രിമാര്‍ക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികളുടെ പേരില്‍ സര്‍ക്കാരില്‍ പോര് രൂക്ഷമാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് ഹൈക്കോടതിയില്‍ നിന്നു വാങ്ങിയ സ്‌റ്റേയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു മാസത്തിലേറെയായിട്ടും നടപ്പായില്ല. അതിനിടെ അപ്പീല്‍ വൈകുന്നതുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയെ പരാതി അറിയിച്ചു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചു സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയ ബിജു രമേശിനെ മന്ത്രിസഭയിലെ ചിലര്‍ സഹായിക്കുന്നുവെന്നു മന്ത്രി കെ. ബാബുവും മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു. അടൂര്‍ പ്രകാശിനെ ലക്ഷ്യമിട്ടാണ് ഈ ഒളിയമ്പ്. എന്നാല്‍ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് അപ്പീല്‍ ഉണ്ടാകില്ലെന്ന് വകുപ്പ് മന്ത്രിയായ അടൂര്‍ പ്രകാശ് നിലപാട് എടുക്കുന്നതിനാല്‍ ബിജു രമേശ് രക്ഷപ്പെടുമെന്നാണ് സൂചന.
തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ് അനധികൃതമായി നിര്‍മ്മിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്നു കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്ന ആവശ്യവുമായാണു കോടതി സ്‌റ്റേ അനുവദിച്ചത്. സ്‌റ്റേ നീക്കിക്കിട്ടാന്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിഎമ്മിനോടു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിനു കൈമാറി. എന്നാല്‍, അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഈ ഫയല്‍ റവന്യു വകുപ്പിലേക്ക് അയയ്ക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും റവന്യു വകുപ്പില്‍ നിന്നു വിശദാംശങ്ങള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ പരാതി അറിയിച്ചത്. അപ്പീല്‍ നല്‍കാനുള്ള വിശദാംശങ്ങള്‍ നേരത്തെ തന്നെ അഡ്വക്കറ്റ് ജനറലിനു നല്‍കിയിട്ടുണ്ടെന്നും ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.
ബിജു രമേശിന്റെ തിരുവനന്തപുരത്തെ ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് മുഴുവന്‍ രേഖകളും നല്‍കാനും നിയമാനുസൃതമായ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം നടപടികള്‍ തുടരാനെന്നും ഹൈക്കോടതി ഉത്തരവിട്ടത്. തെക്കനംകര കനാല്‍ കൈയേറി കെട്ടിടം നിര്‍മ്മിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ റദ്ദാക്കാന്‍ ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടത്. ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കൃത്യതയും സുതാര്യതയുമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് ഭൂമി സംബന്ധിച്ച് ഹര്‍ജിക്കാരന്റെ വാദം കേള്‍ക്കണം. സ്ഥലപരിശോധന സംയുക്തമായി നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലഭ്യമായ എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം ഹര്‍ജിക്കാരന് നല്‍കണം. രണ്ടാഴ്ചക്കകം സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനകം ഉത്തരവ് നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് തിരുവനന്തപുരത്തെ വെള്ളപ്പൊക്ക നിവാരണത്തിനായി നടത്തുന്ന ഓപ്പറേഷന്‍ അനന്ത തന്നെ പ്രതിസന്ധിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha