മന്ത്രിമാര്‍ തമ്മില്‍ പോര്

ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കെ. ബാബുവും അടൂര്‍പ്രകാശും പൊരിഞ്ഞ പോരിലേക്ക്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കെട്ടിടം പൊളിക്കുന്നതില്‍ നിന്നും ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച സ്റ്റേയ്‌ക്കെതിരെ അപ്പീല്‍ നല്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പോരിനു കാരണം.
ഹൈക്കോടതി സ്റ്റേ വന്നിട്ട് ഒരു മാസമായിട്ടും അപ്പീല്‍ നല്കുവാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. റവന്യു മന്ത്രി അടൂര്‍പ്രകാശാണ് ഇതിനു പിന്നില്‍. മന്ത്രിസഭയിലെ ഓരോ നീക്കങ്ങള്‍ പോലും ബിജു രമേശിനു ചോര്‍ത്തിക്കൊടുക്കുന്നു എന്ന് എ ഗ്രൂപ്പ് പരസ്യമായി ആരോപിക്കുന്നു. ബാബുവിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ ബിജുരമേശിനെ മുന്‍നിര്‍ത്തി അടൂര്‍പ്രകാശും പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട് എന്നാണ് ആക്ഷേപം.
ബിജു രമേശിനെ പൊളിച്ചടുക്കും എന്ന് ശപഥം ചെയ്ത് ഇറങ്ങിത്തിരിച്ച ബാബുവിനെ കൂടുതല്‍ ആരോപണങ്ങളിലേക്കു തള്ളി വിട്ടുകൊണ്ടാണ് ബിജുരമേശ് പരസ്യ വെല്ലുവിളി നടത്തിയിരുന്നു.
അപ്പീല്‍ വൈകുന്നതുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയെ പരാതി അറിയിച്ചു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചു സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ ബിജു രമേശിനെ മന്ത്രിസഭയിലെ ചിലര്‍ സഹായിക്കുന്നുവെന്നു മന്ത്രി കെ. ബാബുവും മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു.
തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിംഗ് അനധികൃതമായി നിര്‍മ്മിച്ചതാണെന്നു കണ്ടെത്തിയത്.
തുടര്‍ന്നു കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്ന ആവശ്യവുമായാണു കോടതി സ്റ്റേ അനുവദിച്ചത്. സ്റ്റേ നീക്കിക്കിട്ടാന്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.എമ്മിനോടു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിനു കൈമാറി. എന്നാല്‍, അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഈ ഫയല്‍ റവന്യു വകുപ്പിലേക്ക് അയയ്ക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും റവന്യു വകുപ്പില്‍ നിന്നു വിശദാംശങ്ങള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ പരാതി അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. അപ്പീല്‍ നല്‍കാനുള്ള വിശദാംശങ്ങള്‍ നേരത്തെ തന്നെ അഡ്വക്കറ്റ് ജനറലിനു നലകിയിട്ടുണ്ടെന്നും ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.
ഇതിനിടെയാണു മന്ത്രി ബാബുവിനെതിരെ കോഴ ആരോപണവുമായി ബിജു വീണ്ടും രംഗത്തെത്തിയത്.
ആരോപണങ്ങള്‍ ബാബു നിഷേധിച്ചെങ്കിലും ബിജു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണു ബിജുവിനെ സഹായിക്കുന്ന റവന്യു വകുപ്പിന്റെ നിലപാടിനെതിരെ മന്ത്രി ബാബു മുഖ്യമന്ത്രിയോടു പരാതിപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha